കൈവശഭൂമിക്ക് രേഖയില്ലാതെ ലൈഫ് മിഷൻ പദ്ധതി പട്ടികയിലുള്ളവർ നട്ടംതിരിയുന്നു
text_fieldsവടുവഞ്ചാൽ: ലൈഫ് മിഷൻ പദ്ധതി പട്ടികയിലുള്ളവർ കൈവശഭൂമിക്ക് രേഖയില്ലാത്തതിനാൽ നട്ടംതിരിയുന്നു. പതിറ്റാണ്ടുകളായി കൈവശമുള്ളതും വീടുവെച്ച് താമസിച്ചുവരുന്നവരുമായ നിരവധി കുടുംബങ്ങൾ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്തൃ പട്ടികയിലുണ്ടെങ്കിലും പണം അനുവദിച്ചുകിട്ടാത്തതിനാൽ ഓഫിസുകൾ കയറിയിറങ്ങുകയാണ്.
മൂപ്പൈനാട് പഞ്ചായത്തിലെ കടച്ചിക്കുന്ന്, ക്ലബ്മട്ടം തുടങ്ങി മൂന്നു വാർഡുകളിലുള്ള 150ൽ പരം കുടുംബങ്ങളാണ് അർഹത പട്ടികയിൽ ഉണ്ടെങ്കിലും പദ്ധതിക്ക് പുറത്തുനിൽക്കുന്നത്.വനം വകുപ്പിെൻറ രേഖകളിൽ ഈ പ്രദേശങ്ങൾ ഇപ്പോഴും നിക്ഷിപ്ത വനഭൂമിയാണെന്നതാണ് കാരണം. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിരവധി സമരങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.
ഇതേത്തുടർന്ന് മുൻ സർക്കാറിെൻറ കാലത്ത് വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത സർവേ നടത്തിയിരുന്നു. തുടർന്ന് മന്ത്രിതല ചർച്ചകളും നടന്നു. കഴിഞ്ഞ ജൂൺ 11ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വനം മന്ത്രി, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു. യോഗത്തിൽ പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചു എന്ന വിധത്തിൽ ജൂൺ 13ന് നിയോജക മണ്ഡലം എം.എൽ.എ മാധ്യമ പ്രസ്താവന നടത്തി.
പക്ഷേ, ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇതെല്ലാം നിക്ഷിപ്ത വനഭൂമിയാണെന്ന വനം വകുപ്പിെൻറ സർക്കുലറാണ് വില്ലേജ് ഓഫിസുകളിൽ നിലവിലുള്ളത്. അതനുസരിച്ച് കൈവശാവകാശം സംബന്ധിച്ച് വ്യത്യസ്തമായൊരു രേഖ നൽകാൻ വില്ലേജ് ഓഫിസർക്ക് കഴിയില്ല. വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ലഭിക്കാതെ തങ്ങൾക്ക് ഫണ്ട് അനുവദിക്കാൻ നിവൃത്തിയില്ലെന്ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. യമുന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.