വനിതകൾക്ക് വായ്പ: തട്ടിപ്പുസംഘം വയനാട് ജില്ലയിൽ വല വീശുന്നു
text_fieldsസുൽത്താൻ ബത്തേരി: മൂന്നു വർഷത്തെ കാലാവധിയിൽ കുറഞ്ഞ പലിശ നിരക്കിൽ 50,000 മുതൽ ഒരു ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം നൽകി പണം തട്ടുന്ന സംഘം സുൽത്താൻ ബത്തേരി മേഖലയിൽ സജീവമായതായി പരാതി. വായ്പക്ക് മുന്നോടിയായി ഇൻഷുറൻസ് തുക എന്ന പേരിലാണ് പണം തട്ടുന്നത്. ഈ രീതിയിൽ ഒന്നിലേറെ തട്ടിപ്പ് സംഘങ്ങൾ ഉള്ളതായാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം, വായ്പ തട്ടിപ്പ് നടത്തിയ ഒരു സ്ത്രീയെ സുൽത്താൻ ബത്തേരി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു.
താലൂക്കിലെ വിവിധ ഭാഗങ്ങളിലെ കുടുംബശ്രീ അംഗങ്ങളെയാണ് തമിഴ്നാട്ടുകാരെന്നു കരുതുന്ന സംഘം സമീപിച്ചത്. ഇൻഷുറൻസിന് 1000 രൂപ വീതമാണ് ആവശ്യപ്പെട്ടത്. ബാങ്ക് പാസ്ബുക്ക്, ആധാർ, ഐ.ഡി കാർഡ്, റേഷൻ കാർഡ് എന്നിവയുടെ വിവരങ്ങളും ചിലർ കൊടുത്തു. എന്നാൽ, പണം കിട്ടാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് പലർക്കും ബോധ്യമാകുന്നത്.
തോട്ടാമൂല, ഇരുളം, ചീരാൽ, അമ്പലവയൽ, ആയിരംകൊല്ലി എന്നിവിടങ്ങളിലൊക്കെ ഈ തട്ടിപ്പുസംഘം എത്തിയതായാണ് വിവരം. പലിശരഹിത വായ്പയുടെ കെണിയിൽപ്പെട്ട വെങ്ങപ്പള്ളി സ്വദേശി പരാതി കൊടുത്തതിനെത്തുടർന്ന് സുൽത്താൻ ബത്തേരി പൂതിക്കാട് കുറുക്കൻ വീട്ടിൽ നഫീസുമ്മ എന്ന തസ്ലീമയാണ് (47) പൊലീസ് പിടിയിലായത്.
തട്ടിപ്പിനിരയായവരുടെ 13 പരാതികളാണ് സുൽത്താൻ ബത്തേരി പൊലീസിന് കിട്ടിയിട്ടുള്ളത്. ഒരാളുടെ പരാതിയിൽ മാത്രമാണ് കേസെടുത്തത്. വെങ്ങപ്പള്ളി സ്വദേശിയുടെ പക്കൽനിന്ന് ഒരുലക്ഷം രൂപയാണ് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്പയായി നൽകാമെന്ന് പറഞ്ഞ് കഴിഞ്ഞ മേയിൽ വാങ്ങിയത്.
മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ വെങ്ങപ്പള്ളി സ്വദേശി പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി അറുപതോളം പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. പാവപ്പെട്ടവർക്ക് വീടുവെച്ചുനൽകാനും, മക്കളുടെ കല്യാണ ആവശ്യത്തിനുമായി പലിശരഹിത വായ്പ നൽകുന്ന കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ ആളാണെന്ന് പറഞ്ഞാണ് നഫീസുമ്മ പണം തട്ടിയത്.
പലരിൽനിന്നും അമ്പതിനായിരം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെ ഇവർ വാങ്ങിയിട്ടുണ്ട്. പത്തുലക്ഷം രൂപ ലഭിക്കാൻ ആദ്യം രണ്ടര ലക്ഷവും, അഞ്ചു ലക്ഷം രൂപ ലഭിക്കാൻ ഒരു ലക്ഷവുമാണ് ഇവർ ആവശ്യപ്പെടുന്നത്. ഇങ്ങനെ പണം നൽകിയാൽ 90 ദിവസത്തിനകം നൽകുന്ന പണത്തിെൻറ തോത് അനുസരിച്ചുള്ള പലിശരഹിത വായ്പ നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.