വാളത്തൂർ കരിങ്കൽ ക്വാറിക്ക് ലൈസൻസ് പ്രതിഷേധവുമായി നാട്ടുകാർ
text_fieldsമൂപ്പൈനാട്: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വാളത്തൂർ ചീരക്കുന്നിൽ കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്. സ്വകാര്യ വ്യക്തിയിൽ നിന്നും പാട്ടത്തിനെടുത്ത 1.9207 ഹെക്ടർ സ്ഥലത്താണ് ക്വാറി തുടങ്ങാനുള്ള നീക്കം നടക്കുന്നത്.
2021 ഫെബ്രുവരി 18ന് ക്വാറിക്കുള്ള ലൈസൻസിന് ഉടമ ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. മറ്റെല്ലാ വകുപ്പുകളുടെയും അനുമതി രേഖകൾ സംഘടിപ്പിച്ചതിന് ശേഷമാണ് പഞ്ചായത്ത് ലൈസൻസിന് അപേക്ഷിച്ചത്. അതിനാൽ ഭരണ സമിതി എതിർത്തിട്ടും സെക്രട്ടറി ലൈസൻസ് നൽകി.
ഭരണ സമിതിയുടെ എതിർപ്പിനെ അവഗണിച്ചാണ് സെക്രട്ടറി ലൈസൻസ് നൽകിയത് എന്ന കാരണം ചൂണ്ടിക്കാട്ടി പ്രസിഡന്‍റ് എ.കെ. റഫീഖ് 2021 ജൂൺ 16ന് സെക്രട്ടറി നൽകിയ ലൈസൻസ് സ്റ്റേ ചെയ്തു. പഞ്ചായത്തിരാജ് നിയമത്തിന്‍റെ 276 വകുപ്പ് പ്രകാരം പ്രസിഡന്‍റിൽ നിക്ഷിപ്തമായിരിക്കുന്ന പ്രത്യേകാധികാരമുപയോഗിച്ചായിരുന്നു നടപടി.
അതോടെ ക്വാറിക്കു വേണ്ടിയുള്ള നീക്കം തൽക്കാലം മന്ദഗതിയിലായെങ്കിലും ലൈസൻസ് ഉടമ ഹൈകോടതിയെ സമീപിച്ച് പ്രസിഡന്‍റിന്‍റെ സ്റ്റേ നീക്കി വീണ്ടും രംഗത്തു വന്നിരിക്കയാണ്. ആദ്യ പടിയായി ക്വാറിയിലേക്കുള്ള റോഡ് നന്നാക്കാനുള്ള നീക്കമാണ് ഉടമകൾ ആരംഭിച്ചത്. റിപ്പൺ ആടിക്കാപ്പിൽ നടത്തിയ നീക്കം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തി വെക്കേണ്ടി വന്നു.
ക്വാറി തുടങ്ങുന്ന പ്രദേശത്തിന് 200 മീറ്റർ ചുറ്റളവിലായി വീടുകളും കൃഷി സ്ഥലങ്ങളുമുണ്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ചെങ്കുത്തായ മലഞ്ചെരിവിൽ ക്വാറിയുടെ ഭാഗമായി സ്ഫോടനങ്ങൾ നടക്കുന്നത് വലിയ തോതിൽ മണ്ണിടിച്ചിലിന് കാരണമാകുമെന്നും ക്വാറിക്കെതിരെ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.
മാത്രമല്ല ക്വാറിക്ക് ആദ്യം ലൈസൻസ് അനുവദിക്കുന്ന സമയത്ത് ഈ പ്രദേശം റെഡ് സോണിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, പിന്നീട് ഇവിടം റെഡ് സോണിലായി. അതുകൊണ്ട് ഇവിടെ ക്വാറി വരുന്നതിനെ എതിർക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. ഇവർ വാർഡ് മെംബർ ഷൈബാന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്ന് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
ജില്ല കലക്ടർക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. സ്റ്റേ നീക്കിയതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. റഫീഖ് പറഞ്ഞു. ക്വാറി നീക്കവുമായി ലൈസൻസ് ഉടമകൾ മുന്നോട്ടു പോകുന്നത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.