ഏറനാട്ടിൽ ചൂടുപിടിച്ച് വികസന ചർച്ച
text_fieldsഅരീക്കോട്: വി.ഐപി മണ്ഡലമായ വയനാട് ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫിന്റെ നിലവിലെ പൊന്നാപുരം കോട്ട എന്ന് വിശേഷിപ്പിക്കുന്ന ഏറനാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ കാറ്റ് ആഞ്ഞടിക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായത് മുതൽ മൂന്ന് മുന്നണികളും പ്രചാരണത്തിരക്കിലാണ്. യു.ഡി.എഫിനായി സിറ്റിങ് എം.പി രാഹുൽ ഗാന്ധി, എൽ.ഡി.എഫിനായി ആനി രാജ, എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്. 2011ൽ മഞ്ചേരി നിയമസഭ മണ്ഡലം പിളർന്നാണ് ഏറനാട് മണ്ഡലം രൂപംകൊണ്ടത്.
അന്നുമുതൽ ഇന്നുവരെ ഈ മണ്ഡലത്തിൽ ശക്തമായ മുന്നേറ്റമാണ് ഐക്യ-ഇടത് മുന്നണികൾ നടത്തിവരുന്നത്. അത് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ മണ്ഡലം രൂപകൊണ്ട തെരഞ്ഞടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി പി.കെ. ബഷീറാണ് കന്നി എം.എൽ.എയായി നിയമസഭയിലെത്തിയത്. പ്രധാന എതിർ സ്ഥാനാർഥികളായി സി.പി.ഐക്ക് വേണ്ടി അഷ്റഫ് കാളിയത്ത്, ബി.ജെ.പിക്കായി കെ.പി. ബാബുരാജ് എന്നിവരും. ഇതിലേക്കാണ് ചില എൽ.ഡി.എഫ് നേതാക്കളുടെ ശക്തമായ പിന്തുണയോടെ പി.വി. അൻവർ സ്വതന്ത്ര സ്ഥാനാർഥിയായി ഗോദയിലേക്ക് എത്തുന്നത്. ഇതോടെയാണ് മണ്ഡലത്തിലെ മത്സരം കൂടുതൽ തീപിടിച്ചത്.
എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 11,246 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി.കെ. ബഷീർ കന്നി എം.എൽ.എയായി നിയമസഭയിലേക്ക് വണ്ടികയറി. പിന്നീട് 2016ൽ സമാനമായ അവസ്ഥ തന്നെ തുടർന്നു. അവസാനം നടന്ന 2021 ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി. അബ്ദുറഹ്മാനെ പരാജയപ്പെടുത്തിയാണ് പി.കെ. ബഷീർ തുടർച്ചയായി മൂന്നാം തവണയും ഏറനാടിന്റെ എം.എൽ.എയായത്. എന്നാൽ ഈ മൂന്ന് തവണയും മണ്ഡലത്തിൽ എൽ.ഡി.എഫ് വിവിധ സ്ഥാനാർഥികളെ ഇറക്കി മണ്ഡലത്തിൽ മികച്ച മുന്നേറ്റം നടത്തി. ഏറനാടിനെ സംബന്ധിച്ചിടത്തോളം എൽ.ഡി.എഫും യു.ഡി.എഫും ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരേപോലെയാണ് മുന്നോട്ടുപോകുന്നത്. അതേസമയം രാഹുൽ ഗാന്ധി എം.പി കഴിഞ്ഞ തവണ മണ്ഡലത്തിൽ കാര്യമായി എത്തിയില്ല എന്ന പരാതി നിലനിൽക്കുന്നുണ്ട്.
മറ്റുള്ള മണ്ഡലങ്ങളിലെ വിവിധ ഇടങ്ങളിൽ അദ്ദേഹം എത്തിയപ്പോൾ അരീക്കോട് താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള മണ്ഡലത്തിലെ പല പ്രധാന വിഷയങ്ങളിൽ അദ്ദേഹം ഇടപെട്ടില്ലെന്നാണ് എൽ.ഡി.എഫ് ആരോപണം. ഇത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ എൽ.ഡി.എഫും ബി.ജെ.പിയും പ്രധാനമായും വോട്ട് തേടുന്നത്. കെ. സുരേന്ദ്രന്റെ കടന്നുവരവ് വോട്ട് വർധിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ബി.ജെ.പി പ്രവർത്തകർ. രാഹുൽ ഗാന്ധിതന്നെ ഇത്തവണയും വയനാട്ടിൽ സ്ഥാനാർഥി ആയതോടെ ആവേശത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. 2019ൽ ഏറനാട് മണ്ഡലം 56527 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന് നൽകിയത്.
2021 നിയമസഭ
- പി.കെ. ബഷീർ -78,076 (യു.ഡി.എഫ്)
- കെ.ടി. അബ്ദുറഹ്മാൻ -55,530 (എൽ.ഡി.എഫ്)
- അഡ്വ. സി. ദിനേശ് -6,683 (ബി.ജെ.പി)
- ഭൂരിപക്ഷം- 22,546
2019 ലോക്സഭ
- രാഹുൽ ഗാന്ധി -706,367 (യു.ഡി.എഫ്)
- പി.പി. സുനീർ -274,597 (എൽ.ഡി.എഫ്)
- തുഷാർ വെള്ളാപ്പള്ളി-78,816 (എൻ.ഡി.എ)
- ഭൂരിപക്ഷം- 4,31,770
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.