തിരയടങ്ങാതെ രാഹുൽ തരംഗം
text_fieldsമാനന്തവാടി: വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ സി.പി.എം കോട്ടയായ മാനന്തവാടി നിയോജക മണ്ഡലത്തിലും രാഹുൽ ഗാന്ധി തന്നെ താരം. മണ്ഡലത്തിലെ ആകെയുള്ള 173 ബൂത്തുകളിൽ 155ലും മുമ്പിൽ യു.ഡി.എഫ്. 15 ബൂത്തുകളിൽ എൽ.ഡി.എഫും രണ്ടു ബൂത്തുകളിൽ എൻ.ഡി.എയും മുന്നിട്ടുനിന്നു. കഴിഞ്ഞ തവണ 173 ബൂത്തുകളിലും രാഹുൽ ഗാന്ധിക്കായിരുന്നു ഭൂരിപക്ഷം. ഇത്തവണ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ വോട്ടുചോർച്ച ഉണ്ടാകില്ലെന്ന് സി.പി.എം അവകാശപ്പെട്ടിരുന്നു.
എന്നാൽ, ശക്തികേന്ദ്രങ്ങളിൽ ചോർച്ച സംഭവിച്ചത് കാലുവാരലായി സി.പി.ഐ നേതൃത്വം സംശയത്തോടെയാണ് കാണുന്നത്. തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ കിഴക്കുഭാഗത്തു സജ്ജീകരിച്ച 38-ാം നമ്പർ ബൂട്ടിൽ ആനിരാജക്കും രാഹുൽഗാന്ധിക്കും തുല്യവോട്ടാണ് (386) ലഭിച്ചത്. ഇവിടെ കെ. സുരേന്ദ്രന് 119 വോട്ടുലഭിച്ചു.
കൈതക്കൊല്ലി ജി.എൽ.പി സ്കൂളിലെ 24-ാം നമ്പർ ബൂത്തിൽ എൽ.ഡി.എഫിനും എൻ.ഡി.എക്കും തുല്യവോട്ടു (186) ലഭിച്ചപ്പോൾ യു.ഡി.എഫിന് 463 വോട്ടുലഭിച്ചു. 167-ാം ബൂത്തായ ക്ലബ് സെന്റർ അംഗൻവാടിയിലും 170-ാം ബൂത്തായ വിളമ്പുകണ്ടം ജി.എൽ.പി സ്കൂളിലെ ബൂത്തിലും എൻ.ഡി.എ കൂടുതൽ വോട്ടുകൾ നേടി. 167-ാം നമ്പർ ബൂത്തിൽ കെ. സുരേന്ദ്രന് 402 വോട്ടും 170-ാം നമ്പർ ബൂത്തിൽ 338 വോട്ടുകളുമാണ് ലഭിച്ചത്. 167-ാം നമ്പർ ബൂത്തിൽ ആനി രാജക്ക് 192 വോട്ടും രാഹുൽഗാന്ധിക്ക് 260 വോട്ടും ലഭിച്ചു. 170-ാം നമ്പർ ബൂത്തിൽ ഇവരുടെ വോട്ടുകൾ യഥാക്രമം 173, 306 എന്ന നിലയിലാണ്. തിരുനെല്ലി ഗവ. ആശ്രമം സ്കൂളിലെ 30-ാം നമ്പർ ബൂത്തിൽ ബി.ജെ.പി 2 11 വോട്ടുമായി രണ്ടാമതെത്തി. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ തിരുനെല്ലിയിലെ ഈ ബൂത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 254 വോട്ടു ലഭിച്ചപ്പോൾ രാഹുൽ ഗാന്ധിക്ക് കിട്ടിയത് 94 വോട്ടുകളാണ്.
അയിലമൂല എൻ.എ.എൽ.പി സ്കൂളിലെ 89-ാം ബൂത്തിലും കുഞ്ഞോം എ.യു.പി സ്കൂളിലെ 108-ാം നമ്പർ ബൂത്തിലും പുതുശ്ശേരി ജി.എൽ.പി സ്കൂളിലെ 114-ാം നമ്പർ ബൂത്തിലും കരിങ്ങാരി ജി.എൽ.പി സ്കൂളിലെ 134-ാം നമ്പർ ബൂത്തിലും തരുവണ ജി.യു.പി സ്കൂളിലെ 137-ാം നമ്പർ ബൂത്തിലും പീച്ചങ്കോട് ജി.എൽ.പി സ്കൂളിലെ 141-ാം നമ്പർ ബൂത്തിലും എൽ.ഡി.എഫ് മൂന്നാമതായി. ഈ ബൂത്തുകളിൽ രണ്ടാം സ്ഥാനം എൻ.ഡി.എക്കാണ്. ചെറുകാട്ടൂർ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ 147-ാം ബൂത്തിലും നീർവാരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 151-ാം ബൂത്തിലുംപനമരം ജി.എൽ.പി സ്കൂളിലെ 160-ാം നമ്പർ ബൂത്തിലും അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു.പി സ്കൂളിലെ 165-ാം നമ്പർ ബൂത്തിലും വിളമ്പുകണ്ടം ജി.എൽ.പി സ്കൂളിലെ 169-ാം നമ്പർ ബൂത്തിലും ഏച്ചോം സർവോദയ സ്കൂളിലെ 172-ാം നമ്പർ ബൂത്തിലും എൻ.ഡി.എ രണ്ടാം സ്ഥാനത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.