ഇതാ കാണൂ, ആനപ്പാറ കോളനിക്കാരുടെ തീരാദുരിതം
text_fieldsകൽപറ്റ: കുടിയേറി പാർത്ത് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ആനപ്പാറ കൈയേറ്റ ഭൂമിയിലെ ആദിവാസികളുടെ ജീവിതം ദുരിതത്തിൽതന്നെ. വന്യമൃഗശല്യവും കടുത്ത കുടിവെള്ള പ്രശ്നവും മൂലം ഇവരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് ഇവിടെ ഏറെയുള്ളത്. 2007, 2008 വർഷത്തിലാണ് മേപ്പാടി പഞ്ചായത്തിലെ പതിനേഴാം വാർഡ് ആനപ്പാറ ഭാഗത്ത് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ മേപ്പാടി റൈഞ്ചിനോട് ചേർന്ന് താമസിക്കുന്ന മുപ്പത്തോളം വരുന്ന കുടുംബങ്ങൾ ഭൂമി കൈയേറി അവകാശം സ്ഥാപിച്ചത്.
മേപ്പാടി, തരിയോട്, കണിയാമ്പറ്റ , വൈത്തിരി, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളിൽ നിന്നും ഒരു പതിറ്റാണ്ടിനു മുമ്പ് എ.കെ.എസിന്റെ സഹായത്തോടെ കുടിയേറിപ്പാർത്ത ഭൂരഹിതരായ കുടുംബങ്ങളാണിവർ.
മിച്ചഭൂമിയിൽ കുടിൽകെട്ടി താമസിച്ചു വരുന്നതല്ലാതെ നിയമപ്രകാരം ഇവർക്ക് ഭൂമി ലഭിക്കുന്നതിനുള്ള ഒരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കൈയേറ്റത്തിന്റെ പേരിൽ നിരവധി കേസുകൾ പല കുടുംബങ്ങളും നേരിട്ടതാണ്. മിച്ചഭൂമിയിലെ കുന്നിൻ ചെരുവുകളിൽ പ്ലാസ്റ്റിക് ചാക്കുകളും ഓലയും വലിച്ചുകെട്ടിയ ചെറിയ ഷെഡ്ഡുകളിൽ കഴിയുകയാണ് ഭൂരിഭാഗം കുടുംബങ്ങളും.
മഴയെയും തണുപ്പിനേയും വകവെക്കാതെയാണ് ഇവർ കഴിഞ്ഞുകൂടുന്നത്. കടുത്ത കുടിവെള്ള പ്രശ്നവും നേരിടുന്നു. ദൂരസ്ഥലങ്ങളിൽ നിന്നും തലച്ചുമടായാണ് കുടുംബങ്ങൾ കുടിവെള്ളം എത്തിക്കുന്നത്. തൊട്ടടുത്ത വനാതിർത്തിയിൽ നിന്നും ആന, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കുടിലുകൾക്ക് സമീപം ഇറങ്ങുന്നതുമൂലം രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാറുമില്ല.
കുട്ടികളും പ്രായമുള്ളവരും ഉൾപ്പെടെയുള്ളതിനാൽ ആശങ്കയേറെയാണ്. ഭൂരിഭാഗം കുടുംബങ്ങൾക്കും പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനായി അടച്ചുറപ്പുള്ള ശുചിമുറി പോലും ഇല്ലാത്തതിനാൽ പുറംപോക്കിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.