ഇന്നലെകൾ പറഞ്ഞത്
text_fieldsനാടിനെ നടുക്കിയ കണ്ണോത്ത് മല ജീപ്പ് ദുരന്തം, കടുവയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായത്, ആദ്യമായി ഒരു മലയാളിതാരത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടാൻ കഴിഞ്ഞത്, രാഹുൽ ഗാന്ധിക്ക് ലോക് സഭാംഗത്വം റദ്ദാക്കിയത്, ഏറ്റുമുട്ടലിൽ രണ്ടു മാവോവാദികൾ പിടിയിലായത്, കുടക് മരണങ്ങൾ, മുട്ടിൽ മരം മുറി കേസ്, കർഷക ആത്മഹത്യ, ചുരത്തിലെ ഗതാഗതക്കുരുക്ക് തുടങ്ങി സംഭവബഹുലമായ ദിവസങ്ങൾ സമ്മാനിച്ച് 2023 വിടപറഞ്ഞു. ഇന്നുമുതൽ പുതിയ വർഷത്തിലേക്കുള്ള ചുവടുവെപ്പുകൾ. വിടപറയും മുമ്പെ പോയ വർഷത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം...
രാഹുൽ യോഗ്യൻ
‘മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് യോഗ്യനാക്കപ്പെട്ട വിധി സുപ്രിം കോടതി സ്റ്റേ ചെയ്തു. ആഗസ്സ്റ്റ് നാലിനായിരുന്നു സുപ്രിം കോടതി വിധി. 2019ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഹൈക്കോടതി രണ്ടു വർഷത്തേക്ക് ശിക്ഷിച്ചതോടെയാണ് ലോക്സഭ സെക്രേട്ടറിയേറ്റ് രാഹുലിനെ മേയ് 23ന് അയോഗ്യനാക്കിയത്. തുടർന്ന് വയനാട് എം.പി ഇല്ലാത്ത അവസ്ഥയായിരുന്നു.
ഭരണതലത്തിൽ മാറ്റം
ജില്ല കലക്ടറായിരുന്ന എ. ഗീത കോഴിക്കോട് കലക്ടറായി സ്ഥലം മാറി. തുടർന്ന് ഡോ. രേണുരാജ് മാർച്ച് 16ന് ചുമതല ഏൽക്കുകയും ചെയ്തു. ജില്ല പൊലീസ് മേധാവിയായി പഥം സിങ് ജൂൺ 11നാണ് ചുമതല ഏറ്റത്.
പറന്നുയർന്ന് ഷെറിൻ ഷഹാന
ഡോക്ടർമാർ ദിവസങ്ങളുടെ ആയുസ്സ് മാത്രം പ്രവചിച്ചിട്ടും തോറ്റു കൊടുക്കാൻ മനസ്സില്ലാതെ ചക്രക്കസേരയിൽ ഇരുന്ന് സിവിൽ സർവിസിലേക്ക് കുതിച്ചുയർന്ന വയനാട്ടുകാരിയാണ് 2023ലെ അഭിമാന താരം.
ജീവിതത്തിൽ ഒന്നിനുപിറകെ ഒന്നായി ദുരിതങ്ങളും ദുരന്തങ്ങളും വേട്ടയാടിയിട്ടും ജീവിതത്തിന്റെ പുസ്തകത്തിൽ നഷ്ടത്തിന്റെ കണക്കുകൾ മാത്രം നിറഞ്ഞാടിയിട്ടും തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത കമ്പളക്കാട്ടുകാരിയായ ഷെറിന് ഷഹാന ചക്രക്കസേരയിലിരുന്ന് 913 റാങ്കുകാരിയായി സിവിൽ സർവിസ് എത്തിപ്പിടിച്ചു. പി.ജി പരീക്ഷ കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്ത് ടെറസിനു മുകളിൽ ഉണക്കാനിട്ടിരിക്കുന്ന തുണി എടുക്കാൻ പോയ ഷെറിൻ കാൽവഴുതി താഴേക്ക് വീണതോടെ നട്ടെല്ല് തകർന്നാണ് ഷെറിന്റെ വീൽചെയർ ജീവിതം തുടങ്ങുന്നത്.
അഭിമാനം മിന്നുമണി
ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ എ ടീമിനെ നയിക്കാൻ മലയാളിയുടെ അഭിമാനമായ വയനാട്ടുകാരി മിന്നു മണി. നവംബർ 23നാണ് കേരളത്തില്‍ നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയായ മിന്നുമണിയെ ഇതിനായി തിരഞ്ഞെടുത്തത്. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരമെന്ന ബഹുമതിയും മിന്നു മണിക്കാണ്.
സജനയും മിന്നി
മാനന്തവാടി സ്വദേശിനി സജന സജീവന് വനിതാ പ്രിമിയർ ലീഗ് താരലേലത്തിൽ തിളക്കം. ഓൾറൗണ്ടറായ സജനയെ 15 ലക്ഷം രൂപക്ക് ഡിസംബർ ഒമ്പതിന് നടന്ന താരലേലത്തിൽ മുംബൈ ഇന്ത്യൻസ് ടീം സ്വന്തമാക്കി. ലേലത്തിൽ നാല് മലയാളി താരങ്ങൾ അണിനിരന്നെങ്കിലും ടീമിൽ ഇടംപിടിച്ചത് സജന സജീവൻ മാത്രമാണ്.
മെഡിക്കൽ കോളജിന് അംഗീകാരം
പ്രസവ ചികിത്സ സൗകര്യങ്ങളിലെ മികവിന് വയനാട് മെഡിക്കൽ കോളജിലെ പ്രസവവിഭാഗത്തിന് ദേശീയ ആരോഗ്യ ദൗത്യം ഏർപ്പെടുത്തിയ ലക്ഷ്യ അംഗീകാരം ലഭിച്ചു. മെഡിക്കൽ കോളജ് 2023ൽ 60 വിദ്യാർഥികളുമായി നഴ്സിങ് കോളജ് തുടങ്ങാനായതും നേട്ടമായി. കാത്ത് ലാബിനും തുടക്കമായത് 2023ൽ.
വിശ്വനാഥന്റെ മരണം
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ദുരൂഹ സാഹചര്യത്തിൽ കൽപറ്റ അഡ് ലേഡ് സ്വദേശി വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഫെബ്രുവരി 10നായിരുന്നു. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പിന് ആശുപത്രിയിലെത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ചു ചിലർ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തുവെന്നും ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യക്കിടയാക്കിയെതെന്നും തൂങ്ങിമരണം തന്നെ ദുരൂഹത ഉണർത്തുന്നുവെന്നുമാണ് പരാതി. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണെങ്കിലും 10 മാസമായിട്ടും പുരോഗതി ഉണ്ടായിട്ടില്ല
ദേശീയതലത്തിലും നേട്ടം
പിന്നാക്ക ജില്ലകളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ ആസ്പിരേഷനൽ ജില്ല പദ്ധതിയിൽ സാമ്പത്തിക- നൈപുണ്യ വികസന മേഖലയിൽ വയനാടിന് മികച്ച നേട്ടം. ദേശീയാടിസ്ഥാനത്തിൽ ഏപ്രിലിലെ ഡെൽറ്റ റാങ്കിങ്ങിൽ ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി.
രണ്ട് മാവോവാദികൾ പിടിയിൽ
മാവോവാദി സംഘത്തിലെ രണ്ടുപേര്‍ പൊലീസ് പിടിയിലായി. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രുവും ഉണ്ണിമായയുമാണ് പിടിയിലായത്. ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പുണ്ടായി.
വയനാട്ടിലും നിപ സാന്നിധ്യം
വയനാട്ടിലെ വവാലുകളിലും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വവ്വാലുകളുടെ നിരീക്ഷണ പഠനത്തിൽ നിപ വൈറസ് ആന്റിബോഡികൾ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് ഒക്ടോബർ 24ന് അറിയിച്ചു.
കടുവ ജീവനെടുത്തത് രണ്ടുപേരുടെ
2023ൽ വയനാട്ടിൽ കടുവ ജീവനെടുത്തത് രണ്ട് പേരുടെ. ജനുവരിയിൽ പുതുശ്ശേരി സ്വദേശി തോമസിനെയാണ് കടവു കൊന്നത്. തുടർന്ന് കുപ്പാടിത്തറയിലിറങ്ങിയ ഈ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. നവംബർ ഒമ്പതിന് വാകേരിയിൽ മൂടക്കൊല്ലിയിൽ മരോട്ടിപ്പറമ്പിൽ പ്രജീഷിനെ മറ്റൊരു കടുവ കൊന്നു തിന്നു. ദിവസങ്ങൾക്ക് ശേഷം ഈ കടുവയേയും വനം വകുപ്പ് പിടികൂടി.
ഒടുങ്ങാതെ വന്യജീവി ആക്രമണങ്ങൾ
കഴിഞ്ഞ വർഷം വയനാട്ടിൽ അഞ്ചുപേർ കാട്ടാനയുടെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടു. ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളിൽ ഇരുപതിടത്തും വന്യമൃഗ ശല്യമുണ്ടെന്നും അതിൽ തന്നെ 12ൽ കടുവയുടെ സാന്നിധ്യമുണ്ടെന്നുമാണ് വനം വകുപ്പിന്റെ കണക്കുകൾ. തിരുനെല്ലി പഞ്ചായത്തിലാണ് വന്യമൃഗങ്ങളുടെ ആക്രമണം ഏറ്റവും കൂടുതൽ ഉണ്ടായത്.
ആവർത്തിച്ച് കുടക് മരണങ്ങൾ
കഴിഞ്ഞ വർഷം മാത്രം കുടകിൽ ജോലിക്ക് പോയ ആറ് ആദിവാസികളാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. തൃക്കൈപ്പറ്റ മുണ്ടുപ്പാറ കോളനിയിലെ ബാബുവിന്റേതാണ് 2023 ലെ അവസാനത്തെ മരണം.
ബ്രഹ്മഗിരിക്ക് മരണമണി
സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന അടച്ചുപൂട്ടലിന്റെ വക്കിൽ. 80 കോടി രൂപയോളം കടബാധ്യതയുമായാണ് സൊസൈറ്റി വലിയ പ്രതിസന്ധിയിലായിരുക്കുന്നത്. സി.പി.എം സംസ്ഥാന നേതൃത്വവും സൊസൈറ്റി മാനേജ്മെന്റും നിരവധി ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമാവാത്തതിനെ തുടർന്ന് നിക്ഷേപകരും ജീവനക്കാരും പ്രത്യക്ഷ സമരത്തിനിറങ്ങി. നിലവിൽ ഫാക്ടറി പ്രവർത്തിക്കുന്നില്ല.
കർഷക ആത്മഹത്യ തുടർക്കഥ
സാമ്പത്തിക ബാധ്യതയെ തുടർന്ന് കഴിഞ്ഞ വർഷം മാത്രം എട്ട് കർഷകരാണ് ജില്ലയിൽ ജീവനൊടുക്കിയത്. കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത ഒരു കർഷകന്റെയും കടബാധ്യത തീർക്കാൻ അധികൃതർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മുട്ടിൽ മരം മുറിയിൽ കുറ്റപത്രം
മുട്ടിൽ മരം മുറി കേസിൽ പ്രത്യേക അന്വേഷണ സംഘം ഡിസംബർ നാലിന് സുൽത്താൻ ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2021 ജൂൺ 12നാണ് മുട്ടിൽ മരംമുറി അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. അഗസ്റ്റിൻ സഹോദരങ്ങളായ മുട്ടിൽ വാഴവറ്റ മുങ്ങനാനിയിൽ റോജി, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ എന്നിവർ ഉൾപ്പെടെ 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
വയനാട്ടിലും ഇ.ഡി
പുൽപള്ളി സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് സംഘം വയനാട്ടിലെത്തി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന കെ.കെ. അബ്രാഹം ഉൾപ്പെടെ ആദ്യം പൊലീസും പിന്നീട് ഇ.ഡിയും അറസ്റ്റ് ചെയ്തു.
ധനകോടിയിലും തട്ടിപ്പ്
സുൽത്താൻ ബത്തേരി ധനകോടി ചിറ്റ്സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്പനി എം.ഡി സജി സെബാസ്റ്റ്യൻ പൊലീസിൽ മേയ് നാലിന് കീഴടങ്ങി. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി പൊലീസിൽ 14 പരാതികളാണുള്ളത്.
കുരുക്ക് മുറുക്കി ചുരം
വയനാട് ടൂറിസ് ഹബ്ബായി മാറിയതോടെ ജില്ലയിലേക്ക് സംസ്ഥനത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നും എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. എന്നാൽ, അടിസ്ഥാനപരമായ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതികളൊന്നും നടപ്പിൽ വരുത്താൻ ഭരണകൂടത്തിനായിട്ടില്ല.
ചോളത്തണ്ടിലും നിരോധനം
കർണാടകയിൽ നിന്ന് സുലഭമായി ലഭിച്ചിരുന്ന കാലികൾക്ക് ഭക്ഷണമായി നൽകുന്ന ചോളത്തണ്ട് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ചാമരാജ് കലക്ടർ നിരോധനം ഏർപ്പെടുത്തി. ആയിരക്കണക്കിന് ക്ഷീര കർഷകരെ ഇത് പ്രതികൂലമായി ബാധിച്ചു.
അനാഥരായി ഒമ്പത് കുടുംബം
കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടം തൊഴിലാളികളായി ഒമ്പത് സ്ത്രീകൾ മരിച്ചത് ആഗസ്റ്റ് 24 നായിരുന്നു. തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മക്കിമലയിലെ ഒമ്പതുപേരാണ് മരണത്തിന് കീഴടങ്ങിയത്. ഡ്രൈവർ ഉൾപ്പെടെ 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്.
പുഴമുടിയിലും കണ്ണീർ
പുഴമുടിയിൽ ഏപ്രിൽ 23നുണ്ടായ കാർ അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്. നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഇരിട്ടി സ്വദേശികളായ രണ്ടുപേരും കാസർകോട് സ്വദേശിനിയുമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.