ബത്തേരി ചുങ്കം പോസ്റ്റോഫിസിൽ മലയാളത്തിന് വിലക്ക്; ഇംഗ്ലീഷ് നിർബന്ധം
text_fieldsസുൽത്താൻ ബത്തേരി: നഗരത്തിൽ ചുങ്കത്തുള്ള പോസ്റ്റോഫിസിൽ മലയാളത്തിന് വിലക്ക്. പകരം ഇംഗ്ലീഷ് നിർബന്ധമാക്കിയിരിക്കുകയാണ്.
മലയാളത്തിൽ മേൽവിലാസമെഴുതി കൊടുക്കുന്ന ഉരുപ്പടികൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ല. കേരളത്തിനകത്തേക്കുള്ള കത്തുകൾക്കും ഇതാണ് സ്ഥിതി. ചിങ്ങം ഒന്നിന് രാവിലെ കൽപറ്റയിലെ ജില്ല മോട്ടോർ വാഹന വകുപ്പ് ഓഫിസർക്കുള്ള കത്ത് രജിസ്റ്റർ ചെയ്തയക്കാൻ ചെതലയം സ്വദേശി കുഞ്ഞമ്മദ് ചുങ്കം പോസ്റ്റോഫിസിലെത്തി. മലയാളത്തിലെഴുതിയ മേൽവിലാസം മാറ്റണമെന്നായി പ്രധാന ഉദ്യോഗസ്ഥൻ. കുഞ്ഞമ്മദ് നിരവധി തവണ സംസാരിച്ചെങ്കിലും ഉദ്യോഗസ്ഥൻ ഇംഗ്ലീഷിൽ തന്നെ എഴുതിത്തരണമന്ന് തറപ്പിച്ചുപറഞ്ഞു.
ഇംഗ്ലീഷറിയാത്ത കുഞ്ഞമ്മദ് തൊട്ടടുത്തുള്ള കടയിൽ പോയി ഇംഗ്ലീഷറിയാവുന്ന യുവാവിനെക്കൊണ്ട് മേൽവിലാസം മാറ്റിയെഴുതി കൊടുത്തപ്പോഴാണ് കത്ത് സ്വീകരിക്കാൻ തയ്യാറായത്. ഇതേ അനുഭവം പലർക്കുമുണ്ടായിട്ടുണ്ട്. മലയാളമറിയാത്ത ബിഹാർ സ്വദേശിയാണ് ഇവിടുത്തെ പ്രധാന ഉദ്യോഗസ്ഥൻ. കൗണ്ടറിൽ രജിസ്ട്രേഡ് കത്ത്, സ്റ്റാമ്പ്, മണി ഓർഡർ എന്നിങ്ങനെ സകല കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.
തൽക്കാലം ഇംഗ്ലീഷ് മേൽവിലാസം എഴുതിയ ഉരുപ്പടികളേ സ്വീകരിക്കാൻ സാധിക്കൂവെന്നും ആക്ഷേപമുള്ളവർക്ക് മുകളിലേക്ക് പരാതി കൊടുക്കാമെന്നുമാണ് സംഭവമന്വേഷിച്ച മാധ്യമപ്രവർത്തകരോട് ഇദ്ദേഹം പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.