കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
text_fieldsസുൽത്താൻ ബത്തേരി: കുറിച്ചാട് റേഞ്ചിൽപെട്ട ചെതലയം വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. ചെതലയം പുകലമാളം മാളപ്പാടി കാട്ടുനായ്ക്ക കോളനിയിലെ രാജനാണ്(43) കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം. കരടി കൈ കൊണ്ട് ഉപദ്രവിക്കുകയും കടിച്ചതായും രാജന് പറഞ്ഞു. കഴുത്തില്‍ പരിക്കേറ്റ രാജന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉള്‍വനത്തില്‍ വെച്ചാണ് സംഭവം നടന്നത്.
കരടിയുടെ ആക്രമണം; ഭീതിയിൽ ജനങ്ങൾ
സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കരടി സാന്നിധ്യം വ്യക്തമായതോടെ ജനം കടുത്ത ആശങ്കയിൽ. കടുവയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാതിരുന്ന ജനം കഴിഞ്ഞ ഒരു മാസത്തോളമായി വലിയ പ്രശ്നങ്ങളില്ലാത്തതിനാൽ ആശ്വാസത്തിലായിരുന്നു. ഇതിനിടയിലാണ് കരടി ആക്രമിച്ചെന്ന വാർത്ത കേൾക്കുന്നത്.
പൂതാടിയിലെ വാകേരി പാലക്കുറ്റി, ഗാന്ധിനഗർ, ചേമ്പു കൊല്ലി, വട്ടത്താനി എന്നിവിടങ്ങളിലൊക്കെ കരടിയുടെ സാന്നിധ്യമുണ്ട്. ഏറ്റവും ഒടുവിൽ ബുധനാഴ്ച രാവിലെ ചെതലയം വനത്തിലാണ് കരടിയെ കണ്ടത്. തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചതോടെ കരടി സാന്നിധ്യത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.
ഏതാനും ദിവസം മുമ്പാണ് കരടി പാപ്ലശ്ശേരിയിൽ എത്തി തേൻ കൃഷി കൂടുകൾ തകർത്തത്. തേനിന്റെ മണംപിടിച്ചാണ് കരടിയുടെ സഞ്ചാരം. ഇക്കഴിഞ്ഞ ദിവസം വാകേരിയിലെത്തിയ കരടി ഒരു പമ്പ് ഹൗസിന്റെ അടിഭാഗം തുരന്നു. തേനിനോടൊപ്പം ചിതൽപുറ്റും കരടിയെ ആകർഷിക്കുന്ന ഘടകമാണെന്നാണ് വനം ജീവനക്കാർ പറയുന്നു. കടുവയുടെ സാന്നിധ്യത്തിൽ പൊറുതിമുട്ടിയ ക്ഷീരകർഷകരിൽ പലരും മറ്റ് കൃഷികളിലേക്ക് തിരിയുന്നുണ്ട്. അങ്ങനെയുള്ളവർക്ക് നല്ല വരുമാനമാർഗമാണ് തേനിച്ച വളർത്തൽ. കരടിയുടെ സാന്നിധ്യത്തിൽ തേനീച്ച കൃഷിയിലിറങ്ങുന്നവരും ആശങ്കയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.