ആറു മണിക്കൂർ വനത്തിൽ ഒറ്റപ്പെട്ട് യുവാവ്; ഒടുവിൽ രക്ഷകയായി വയനാട് കലക്ടർ അദീല അബ്ദുല്ല
text_fieldsമാനന്തവാടി: കോവിഡ് ഭീതിയുടെ സാഹചര്യത്തിൽ യാത്രാ നിയന്ത്രണത്തിൽപെട്ട് വനമേഖലയിൽ കുടുങ്ങിയ യുവാവിന് ഒടുവിൽ ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല തുണയായി. ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറായ പേരാമ്പ്ര ഇന്ദ്രിയ വീട്ടിൽ ഇന്ദ്രജിത് ആണ് ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിയത്. കോവിഡ് ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്ത ഇന്ദ്രജിത്ത് മുത്തങ്ങ റോഡിൽ വെള്ളം കയറി ഗതാഗത തടസ്സമുണ്ടെന്ന് അറിഞ്ഞതോടെ ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിലെത്തി.
അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കടത്തിവിടാൻ തയാറായില്ല. തുടർന്ന് മാനന്തവാടി തഹസിൽദാറുമായി ബന്ധപ്പെട്ടു. തഹസിൽദാർ തിരുനെല്ലി പൊലീസ് സി.ഐയുമായി ബന്ധപ്പെട്ടു. മെഡിക്കൽ പരിശോധന ഇല്ലാതെ കടത്തിവിടാനാകില്ലെന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശം ഉണ്ടെന്നായിരുന്നു മറുപടി. മെഡിക്കൽ ടീം വന്നതിനുശേഷം കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചു.
ഏഴു മണിയോടെ വയനാട് ജില്ല കലക്ടറെ ഫോണിൽ വിവരങ്ങൾ ധരിപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ കടത്തിവിടാൻ നിർദേശം നൽകിയെങ്കിലും പൊലീസ് കടുംപിടിത്തം തുടർന്നതായി ഇന്ദ്രജിത്ത് പറഞ്ഞു.
അതിനിടെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. അവിടെനിന്ന് കലക്ടറുമായി ബന്ധപ്പെടാൻ നിർദേശം കിട്ടി. രാത്രി 11.30ഓടെ ജില്ല കലക്ടറുടെ നേതൃത്വത്തിൽ എത്തിയ റവന്യൂസംഘം ഇന്ദ്രജിത്തിനെ ചെക്ക്പോസ്റ്റ് കടത്തി കൽപറ്റയിൽ എത്തിച്ചു. താമസ സൗകര്യവും ഭക്ഷണവും നൽകി. തിങ്കളാഴ്ച രാവിലെ പേരാമ്പ്രയിലെ വീട്ടിലെത്തി ക്വാറൻറീനിൽ പ്രവേശിച്ചു. വയനാട് കലക്ടർക്ക് നന്ദിപറയുകയാണ് ഇന്ദ്രജിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.