മാനന്തവാടി നഗരസഭ: യു.ഡി.എഫിന് താൽകാലികാശ്വാസം
text_fieldsമാനന്തവാടി: പടലപ്പിണക്കങ്ങൾ അനിശ്ചിതത്വത്തിലാക്കിയ മാനന്തവാടി നഗരസഭ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് താൽക്കാലികാശ്വസം. ധാരണപ്രകാരം വൈസ് ചെയർമാൻ സ്ഥാനം മുസ്‍ലിം ലീഗിലെ പി.വി.എസ്. മൂസ രാജിവെച്ചിരുന്നു.
മൂസയെ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനാക്കാൻ ധാരണയുണ്ടാവുകയും കോൺഗ്രസിലെ പി.വി. ജോർജ് സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
ഇതിന്റെയടിസ്ഥാനത്തിലാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. പി.വി.എസ്. മൂസ പൊതുമരാമത്ത് സ്ഥിരംസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ അബ്ദുൽ ആസിഫാണ് പരാജയപ്പെട്ടത്. മൂസക്ക് 20 വോട്ട് ലഭിച്ചപ്പോൾ ആസിഫ് 16 വോട്ട് നേടി. കോൺഗ്രസിലെ ഭിന്നത മുതലെടുക്കുകയായിരുന്നു സി.പി.എം ലക്ഷ്യം.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കുഴിനിലം വാർഡിൽ വിമതയായി മത്സരിച്ച് ജയിക്കുകയും നിലവിൽ കോൺഗ്രസിൽ എത്തുകയും ചെയ്ത ലേഖ രാജീവൻ തെരഞ്ഞെടുക്കപ്പെട്ടു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനെ വെള്ളിയാഴ്ച തിരഞ്ഞെടുക്കും. 22ന് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പും നടക്കും. ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ നിലനിൽക്കുകയാണ്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസിലെ ജേക്കബ് സെബാസ്റ്റ്യനെയാണ് പരിഗണിക്കുന്നതെങ്കിലും പി.വി. ജോർജും വിലപേശൽ നടത്തിയേക്കും.
രണ്ട് വർഷം ജേക്കബിനും അവസാന ഒരു വർഷം പി.വി. ജോർജിനും എന്നായിരുന്നു ധാരണ. എന്നാൽ ആദ്യ ഒരുവർഷം തനിക്ക് വേണമെന്ന നിലപാട് ജോർജ് സ്വീകരിക്കുമെന്ന സൂചനയുണ്ട്. കോൺഗ്രസിലെ തർക്കങ്ങളിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അടക്കുമുള്ളവർ ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന പാർലിമെന്ററി പാർട്ടി യോഗത്തിൽനിന്ന് ചെയർപേഴ്സൻ ഉൾപ്പെടെ അഞ്ച് കൗൺസിലർമാർ വിട്ടുനിന്നിരുന്നു.
ഒടുവിൽ ഡി.സി.സി. പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളുടെ പരിശ്രമഫലമായാണ് സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ഇവരെല്ലാം പങ്കെടുത്തത്.
നിലവിലെ ചെയർപേഴ്സൻ സി.കെ. രത്നവല്ലി രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലാണ്. ലേഖ രാജീവനാകട്ടെ ഒരു മാസംകൊണ്ട് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം രാജിവെക്കുമെന്ന നിലപാടിലുമാണ്. ഈ പടലപ്പിണക്കങ്ങൾക്കിടയിലാണ് 19ന് പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ തിരഞ്ഞെടുപ്പിനെയും 22ന് വൈസ് ചെയർപേഴ്സൻ തിരഞ്ഞെടുപ്പിനെയും യു.ഡി.എഫ് അഭിമുഖീകരിക്കേണ്ടത്.
ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പുകൾക്ക് ബാണാസുര സാഗർ എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ബിന്ദു നേതൃത്വം നൽകി. ജൂനിയർ സൂപ്രണ്ട് സ്വാമിനാഥൻ, സീനിയർ ക്ലർക്ക് വിജയശങ്കർ, നഗരസഭ സെക്രട്ടറി സന്തോഷ് മമ്പള്ളി തുടങ്ങിയവരും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.