14കാരന് മർദനമേറ്റെന്ന പരാതി വ്യാജം; ശാസ്ത്രീയാന്വേഷണവുമായി പൊലീസ് മുന്നോട്ട്
text_fieldsമാനന്തവാടി: പീച്ചങ്കോട് പള്ളിയിൽ രാത്രി പ്രാർഥന കഴിഞ്ഞ് പോവുകയായിരുന്ന 14കാരനെ മുഖംമൂടി സംഘം ആക്രമിച്ചതായുള്ള പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായതായി സൂചന. ദിവസങ്ങൾക്കു മുമ്പ് രാത്രിയിൽ ഒറ്റക്ക് വീട്ടിലേക്ക് പോകുംവഴി ഭയന്നോടി ഇരുട്ടത്ത് തട്ടിമറിഞ്ഞു വീണ കുട്ടി രക്ഷിതാക്കളുടെ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ കെട്ടിച്ചമച്ചതായിരുന്നു മർദന കഥ.
മർദനമേറ്റതായി വരുത്തിത്തീർക്കാൻ കുട്ടി നടത്തിയ ശ്രമങ്ങളുടെ ചുവടുപിടിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് യഥാർഥ സംഭവം വ്യക്തമായത്. പ്രസ്തുത സംഭവം ചിലർ മാധ്യമങ്ങൾ വഴി വളച്ചൊടിക്കാൻ ശ്രമിച്ചതോടെ പൊലീസ് സൂക്ഷ്മ അന്വേഷണവുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പീച്ചങ്കോട് പ്രദേശം പൊലീസിന്‍റെ കർശന നിരീക്ഷണത്തിലുമായിരുന്നു.
കുട്ടിയുടെ പിതാവിന്‍റെ പരാതി പ്രകാരം വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് മാനന്തവാടി ഡി.വൈ.എസ്.പി എ.പി. ചന്ദ്രന്‍റെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീമും സംഘവുമാണ് കേസന്വേഷിച്ച് നിജസ്ഥിതി പുറത്തു കൊണ്ടുവന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുംവിധത്തിൽ സമൂഹ മാധ്യമങ്ങളിൽകൂടിയും അല്ലാതെയും വ്യാജ പ്രചാരണം നടത്തിയവരെ നിരീക്ഷിച്ചുവരുന്നതായും പൊലീസ് വ്യക്തമാക്കി. ഇത്തരക്കാർക്കെതിരെ മതസ്പർധ വളർത്തുന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.