അന്തർസംസ്ഥാന പാതയിൽ മരം വീണ് ഗതാഗത തടസ്സം
text_fieldsമാനന്തവാടി: മാനന്തവാടി -മൈസൂർ അന്തർസംസ്ഥാന പാതയിൽ വിൻസെന്റ് ഗിരി ആശുപത്രിക്ക് സമീപം മരം റോഡിലേക്ക് കടപുഴകി. പാതക്കരികിലുണ്ടായിരുന്ന ഭീമൻ പാലമരമാണ് കടപുഴകി ഗതാഗതം നിലച്ചത്. മരംവീണ പാതക്ക് സമീപത്തെ വീട്ടിലുണ്ടായിരുന്ന അറക്കൽ അബ്ദുറഹ്മാനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഞായറാഴ്ച പുലർച്ച നാലരയോടെയാണ് മരം കടപുഴകി വീണത്. മരം വീണതിന് തൊട്ടടുത്താണ് അബ്ദുറഹ്മാന്റെ വീട്. മരം വീഴുമ്പോൾ റോഡരികിലെ വീട്ടിൽ ഉണ്ടായിരുന്ന അബ്ദുറഹ്മാന്റെ മാതാവ് ഖദീജ, ഭാര്യ ഷഹർബാൻ, അഞ്ചും ഏഴും വയസ്സ് പ്രായമുള്ള മക്കളായ ഫാദി, ഹാദി എന്നിവർ രക്ഷപ്പെടുകയായിരുന്നു.
കടപുഴകിയ മരം വീടിന് മുന്നിലുണ്ടായിരുന്ന മറ്റൊരു മരത്തിൽ തട്ടി ദിശമാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. പുലർച്ചയായതിനാൽ മരം വീണ ശബ്ദം കേട്ടാണ് കുടുംബം അപകടം അറിഞ്ഞത്. വീടിന്റെ സീലിങ്ങും മേൻക്കൂരയിലെ ഓടുകളും മതിലും തകർന്നിട്ടുണ്ട്. മുറ്റത്ത് നിർത്തിയിട്ടിരുന്ന മിനിലോറിക്കും കേടുപാടുകൾ സംഭവിച്ചു. അബ്ദുറഹ്മാൻ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നി രക്ഷാ യൂനിറ്റ് മരം മുറിച്ച് മാറ്റി ഒരു മണിക്കൂറിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചു. മുത്തങ്ങ ദേശീയ പാതയിൽ രാത്രി യാത്ര നിരോധനമുള്ളതിനാൽ മൈസൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള നിരവധി വാഹനങ്ങളാണ് രാത്രിയിൽ ഇതുവഴി കടന്നുപോകുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കാൽനട യാത്രക്കാരും ഈ റോഡിലൂടെ പോകാറുണ്ട്.
മരം കടപുഴകിയത് പുലർച്ചയായതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. മരം വീണ് വൈദ്യുതി തൂണിനും ലൈനിനും തകരാർ സംഭവിച്ച് പ്രദേശത്ത് വൈദ്യുതി വിതരണം പൂർണമായും നിലച്ചിരുന്നു. അപകട ഭീഷണിയുയർത്തി നിരവധി മരങ്ങളാണ് അന്തർസംസ്ഥാന പാതക്ക് അരികിലായുള്ളത്. ഈ മരങ്ങൾ മുറിച്ചു മാറ്റാതെ അധികൃതർ അനാസ്ഥ കാണിക്കുകയാണെന്ന ആരോപണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.