വാൾ തിരികെ എഴുന്നള്ളിക്കുന്നതിനിടെ അപകടം; ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ
text_fieldsമാനന്തവാടി: വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ഉത്സവസമാപനത്തോടനുബന്ധിച്ച് ദേവിയുടെ വാൾ തിരികെ പള്ളിയറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനിടെ അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കാൽനടയായി വാൾകൊണ്ടുപോകുന്ന മൂന്നു പേരെയാണ് ഓട്ടോറിക്ഷയിടിച്ചത്.
വാൾ എഴുന്നള്ളിച്ച കണ്ണൻ എന്ന ശങ്കരനാരായണൻ (31) കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന ചെണ്ടകൊട്ടുന്ന രതീഷ് മാരാർ, വിളക്ക് പിടിക്കുന്ന സുന്ദരൻ എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ ഓട്ടോറിക്ഷയുടെ ഡ്രൈവർ തൃശൂർ സ്വദേശി ഗോപാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിൽ വെച്ച് ദേഹാസ്വാസ്ഥ്യമാണെന്ന് പറഞ്ഞതിനെ തുടർന്ന് ഇയാളെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വള്ളിയൂർക്കാവ് ഉത്സവ നഗരിയിൽ കച്ചവടത്തിന് വന്നതാണ് ഗോപാലകൃഷ്ണൻ. അപകടം വരുത്തിയ തൃശൂർ രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ വള്ളിയൂർക്കാവ് റോഡിലെ ശാന്തി നഗറിൽ വെച്ചായിരുന്നു സംഭവം. കച്ചവടം കഴിഞ്ഞ് വാടക സാധനങ്ങൾ തിരികെയേൽപ്പിക്കാൻ പോകുന്നതിനിടെയാണ് അപകടം. മാനന്തവാടിയിലെ ഓട്ടോ ഡ്രൈവർ എം.പി. ശശികുമാറാണ് ചെറുകാട്ടൂർ എസ്റ്റേറ്റ് കവലയിൽ വെച്ച് ഓട്ടോ കണ്ടെത്തി തടഞ്ഞുവെച്ച് മാനന്തവാടി പൊലീസിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.