വയനാട് ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി
text_fieldsമാനന്തവാടി: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. എടവക പഞ്ചായത്തിലെ എള്ളുമന്ദത്തെ പന്നിഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തുതന്നെ ആദ്യം ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്ത വയനാട് ജില്ലയിൽ ഒരു ഇടവേളക്കുശേഷമാണ് വീണ്ടും പനി റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പന്നികളിൽ രോഗലക്ഷണങ്ങൾ കണ്ടത്. ഇതുവരെ ഈ ഫാമിലുള്ള 13 പന്നികള്‍ ചത്തിട്ടുണ്ട്. ബംഗളൂരുവിലെ സതേൺ റീജനൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അവശേഷിക്കുന്ന 23 പന്നികളെയും രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരുകിലോമീറ്റർ പരിധിയിലുള്ള മറ്റ് മൂന്ന് ഫാമുകളിലെയും പന്നികളെ ഉൾപ്പെടെ 148 പന്നികളെ ദയാവധത്തിന് വിധേയമാക്കുന്ന നടപടി ശനിയാഴ്ച രാവിലെ ആരംഭിക്കുമെന്ന് എടവക വെറ്ററിനറി സർജൻ ഡോ. സീലിയ ലൂയിസ് പറഞ്ഞു.
സീനിയർ വെറ്ററിനറി സർജൻ കെ.എസ്. സുനിൽ, വെറ്ററിനറി സർജൻമാരായ ഡോ. വി. ജയേഷ്, ഡോ. ഫൈസൽ യൂസഫ്, ഒരു ഫീൽഡ് അസിസ്റ്റന്‍റ്, ആറ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന 12 അംഗ ആർ.ആർ.ടി സംഘമാണ് നടപടികൾ പൂർത്തീകരിക്കുക.
ജൂലൈ മാസത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലും മാനന്തവാടി നഗരസഭയിലുമാണ് ആദ്യം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് നെന്മേനി പഞ്ചായത്തിലും പൂതാടി പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഇക്കാലയളവില്‍ 700 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നൊടുക്കി. വീണ്ടും രോഗം സ്ഥിരീകരിച്ചത് പന്നിക്കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.