ആഫ്രിക്കൻ പന്നിപ്പനി; പന്നികളെ കൊന്നൊടുക്കി തുടങ്ങി
text_fieldsമാനന്തവാടി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച എടവക പഞ്ചായത്തിലെ എള്ളുമന്ദം ഫാമിലെയും ഒരു കി.മി ദൂരപരിധിയിലുള്ള മൂന്ന് ഫാമുകളിലെയും പന്നികളെ കൊന്നൊടുക്കി തുടങ്ങി. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് മൃഗ സംരക്ഷണ വകുപ്പ് ആർ.ആർ.ടി സംഘത്തിന്‍റെ നേതൃത്വത്തിൽ കൊല്ലുന്നതിനുള്ള നടപടി ആരംഭിച്ചത്.
നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനായി പന്നികളുടെ ഭാരം കണക്കാക്കുന്ന നടപടികളാണ് ആദ്യഘട്ടത്തിൽ നടന്നത്. തുടർന്ന് ഇലക്ട്രിക് സ്റ്റണ്ണർ ഉപയോഗിച്ചുള്ള സംവിധാനത്തോടെ കൊന്നൊടുക്കൽ ആരംഭിക്കുകയായിരുന്നു.
ദേശീയ മാർഗനിർദേശം പാലിച്ച് കൊണ്ട് നിശ്ചിത അളവിൽ നിർമിച്ച മൂന്നു കുഴികളിൽ പന്നികളെ സംസ്കരിച്ചു. പന്നികളുടെ ഉടമകൾക്ക് പെട്ടെന്ന് തന്നെ നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചതായി സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.എസ്. സുനിൽ പറഞ്ഞു.
വെറ്ററിനറി സർജൻമാരായ വി. ജയേഷ്, സീലിയ ലൂയിസ്, ഫൈസൽ യൂസഫ് എന്നിവരടങ്ങിയ 12 അംഗ സംഘമാണ് ഒരു ഫാമിലെ 134 പന്നികളെ കൊന്നൊടുക്കിയത്. ഞായറാഴ്ചയും തുടരും. നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നും ഫാം ഉടമകൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാനും സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നും എടവക പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്.ബി. പ്രദീപ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.