വയനാട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സ കിട്ടാതെ മരണമെന്ന് ആരോപണം
text_fieldsമാനന്തവാടി: ചികിത്സ കിട്ടാതെ ആദിവാസി ശിശു മരിച്ച് ആഴ്ചകള്‍ക്കകം വീണ്ടും വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ആരോപണം. തരുവണ വിയ്യൂര്‍കുന്ന് കോളനിയിലെ രാമനാണ് (49) ചൊവ്വാഴ്ച രാത്രി മരിച്ചത്. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട ഇയാളെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡോക്ടറുടെ നിർദേശപ്രകാരം സ്കാന്‍ ചെയ്തു. തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ചികിത്സ തുടരുകയും രാമനെ പുരുഷന്മാരുടെ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.
വൈകീട്ടോടെ രോഗം ഗുരുതരാവസ്ഥയിലാവുകയും വായില്‍നിന്നും മൂക്കില്‍നിന്നും കഫം പുറത്തേക്ക് വരുകയും ചെയ്തപ്പോൾ ഡ്യൂട്ടി നഴ്സിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് രാമന് രണ്ട് ഗുളികയും ഇഞ്ചക്ഷനും നല്‍കിയെങ്കിലും പരിശോധനക്ക് ഡോക്ടര്‍ എത്തിയില്ലെന്നാണ് പരാതി.
തുടര്‍ന്ന് രാത്രി 7.30ഓടെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും എട്ടു മണിയോടെ രാമന് മരിക്കുകയും ചെയ്തു. ഡോക്ടറെത്തുമ്പോള്‍ ഇയാള്‍ മരിച്ചിരുന്നു. പിന്നീട് ഇതുസംബന്ധിച്ച് ബന്ധുക്കളും ആശുപത്രി ജിവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തിയാണ് ശാന്തമാക്കിയത്.
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും മോര്‍ച്ചറിക്ക് പുറത്ത് അരമണിക്കൂറോളം വെച്ചതും വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ പൊലീസ് ബന്ധുക്കളുടെ വിഡിയോ എടുക്കാന്‍ ശ്രമിച്ചത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി. കൂടുതല്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
രാവിലെ നടത്തിയ സ്കാനിങ്ങില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടും രോഗിയെ കാഷ്വാലിറ്റിയില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റുകയും അവശ്യസമയത്ത് ഡോക്ടറുടെ സേവനം ലഭ്യമാവാതെ വന്നതുമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ വെള്ളമുണ്ട പൊലീസില്‍ മൊഴി നല്കി.
ഇതുപ്രകാരം എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തു. പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്കി. രാമന്റെ ഭാര്യ: സുജാത. മക്കള്‍: ശ്രീരാഗ്, ശ്രീനന്ദ, ശ്രീഹരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.