സഞ്ചരിക്കുന്ന കനിവിന് രണ്ടു വയസ്സ്
text_fieldsമാനന്തവാടി: 60 വയസ്സ് കഴിഞ്ഞ വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന ആതുരാലയം കനിവ് മൂന്നാം വര്‍ഷത്തിലേക്ക്. നിലവില്‍ അറുപതോളം ക്യാമ്പുകളിലായി 3600 ഓളം രോഗികള്‍ക്ക് സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ സേവനം ലഭ്യമാകുന്നു. ഡോക്ടര്‍, നഴ്സ്, ഫാര്‍മസിസ്റ്റ്, കോഓഡിനേറ്റര്‍ അടങ്ങുന്ന സംഘമാണ് സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്നത്.
വിവിധ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത അംഗൻവാടികളും ഹെല്‍ത്ത് സെന്ററുകളും ഹാളുകളും കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്ന ആതുരാലയം പ്രവര്‍ത്തിക്കുന്നത്. 2021 ഓഗസ്റ്റ് 21ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പദ്ധതി ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സ്ഥലങ്ങളെ 13 ഡിവിഷനുകളാക്കി തിരിക്കുകയും ഓരോ ദിവസം തിരഞ്ഞെടുത്ത ഡിവിഷനുകളില്‍ കനിവിന്റെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
ഒരു വര്‍ഷം 50 ലക്ഷം രൂപ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ട്. ഡോക്ടറുടെ പരിശോധനക്കുശേഷം മരുന്നുകളും നല്കുന്നു എന്നുള്ളത് സഞ്ചരിക്കുന്ന ആതുരാലയത്തെ വേറിട്ടു നിര്‍ത്തുന്നു. ചികിത്സക്കായി ആശുപത്രികളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള വയോജനങ്ങള്‍ക്ക് കൈത്താങ്ങാകുന്ന സഞ്ചരിക്കുന്ന ആതുരാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ വയോസേവന പുരസ്കാരവും ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.