റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരു ആനകൂടി വയനാട്ടിൽ
text_fieldsമാനന്തവാടി: റേഡിയോ കോളർ ഘടിപ്പിച്ച കർണാടകയിൽനിന്നുള്ള കാട്ടാനയെ വയനാട്ടിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയതിനു പിന്നാലെ റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരു കാട്ടാനകൂടി വയനാട്ടിൽ. ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ജനുവരി അഞ്ചിന് വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലും മൂന്നു ദിവസം മുമ്പ് സൗത്ത് വയനാട് ഡിവിഷനിലെ പാതിരി സെക്ഷനിലുമാണ് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കർണാടക ഹാസനിൽനിന്ന് പിടികൂടിയ 40 വയസ്സുള്ള മോഴയാനയാണ് ഇത്. ആനയുണ്ടെന്ന് മനസ്സിലായ അന്നുതന്നെ വിവരങ്ങൾ കൈമാറണമെന്നും ആന്റിനയും റിസീവറും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കർണാടക മുഖ്യ വനപാലകന് കത്തുനൽകിയെങ്കിലും ഒരു മാസം പിന്നിട്ടിട്ടും വിവരങ്ങൾ കൈമാറിയില്ലെന്നാണ് സൂചന. കർണാടക വനംവകുപ്പ് ഇക്കാര്യത്തിൽ സഹകരിക്കാത്തത് കേരള വനംവകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഹാസനിൽനിന്ന് മാത്രം 23 ആനകളെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽപെട്ട തണ്ണീർക്കൊമ്പൻ എന്ന കാട്ടാനയാണ് മാനന്തവാടി നഗരത്തോടു ചേർന്ന ചതുപ്പിൽ കഴിഞ്ഞ ദിവസം എത്തിയത്. പിന്നീട് മയക്കുവെടിവെച്ച് പിടികൂടി ബന്ദിപ്പൂരിൽ എത്തിച്ചെങ്കിലും ചെരിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് റേഡിയോ കോളർ ഘടിപ്പിച്ച രണ്ടാമത്തെ കാട്ടാനയും വയനാടൻ കാടുകളിൽ എത്തിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, മയക്കുവെടിവെച്ച കാട്ടാന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി മാനന്തവാടിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചു.
പോസ്റ്റ്മോർട്ടം ചിത്രം പുറത്തുവിട്ടത് കർണാടക വനംവകുപ്പ്
മാനന്തവാടി: ജനവാസ മേഖലയിലെത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് കൊണ്ടുപോവുകയും പിന്നീട് ചെരിയുകയും ചെയ്ത സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങളുടെ ഭാഗമായി എടുത്ത ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിലെ വിവാദം പുതിയ തലത്തിലേക്ക്. ഫോട്ടോ പുറത്തുവിട്ടത് കർണാടക വനം വകുപ്പാണെന്ന് തെളിഞ്ഞു. അറ്റ് നമ്മ പരിസര എന്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് വ്യാപകമായി പ്രചരിച്ചത്.
5059 ലൈക്കുകളും 175 കമന്റുകളും ഇതിന് ലഭിച്ചിട്ടുണ്ട്. ആനയുടെ ജഡത്തിനു മുന്നിൽനിന്ന് 14 കേരള വനപാലകർ ഫോട്ടോ ഷൂട്ട് ചെയ്തുവെന്ന പ്രചാരണമാണ് പ്രചരിച്ചത്. ഇതിനെതിരെ മൃഗസ്നേഹി സംഘടനയായ അനിമൽ ലീഗൽ ഫോഴ്സ് വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് ഫോട്ടോകൾ എടുത്തതെന്നും ഇതിൽ കർണാടക വനംവകുപ്പിലെ ബന്ദിപ്പൂരിലെ ഫീൽഡ് ഡയറക്ടർ രമേശ് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമുണ്ടെന്നാണ് കേരള വനംവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.