ഓട്ടോത്തൊഴിലാളികൾ ഒറ്റക്കെട്ടായി ഇറങ്ങി; കൂട്ടുകാരന്റെ ജീവൻ രക്ഷിക്കാൻ
text_fieldsമാനന്തവാടി: അങ്ങാടിയിൽ തങ്ങൾക്കൊപ്പം ഓട്ടോറിക്ഷ ഓടിച്ച് ജീവിതം പുലർത്തി വന്നിരുന്ന കമ്മന ഐക്കരക്കുടിയിലെ റെനി ജോർജിനായി സഹപ്രവർത്തകർ കൊടിയുടെ നിറം മാറ്റിവെച്ച് ഒന്നിച്ചിറങ്ങി.
രക്താർബുദം ജീവിതത്തിൽ വില്ലനായെത്തിയപ്പോൾ റെനിയും കുടുംബം പകച്ചു പോയപ്പോഴാണ് തങ്ങളുടെ സഹോദരനെ മാനന്തവാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ഏറ്റെടുത്തത്. ഒരു ദശകമായി ചികിത്സയിൽ കഴിയുന്ന റെനിയുടെ ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കാളികളാവുകയായിരുന്നു തിങ്കളാഴ്ച മാനന്തവാടി ടൗണിലെ ഓട്ടോത്തൊഴിലാളികൾ.
സംയുക്ത ഓട്ടോത്തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. തിങ്കളാഴ്ച ഓടിക്കിട്ടിയ മുഴുവൻ തുകയും റെനിയുടെ ചികിത്സസഹായത്തിനായി നൽകുമെന്ന് തൊഴിലാളികൾ പറഞ്ഞു. റെനി ചികിത്സ സഹായത്തിനുവേണ്ടിയുള്ള സർവിസ് മാനന്തവാടി നഗരസഭാ ചെയർപേഴ്സൻ സി.കെ. രത്നവല്ലി ഫ്ലാഗ് ഓഫ് ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര പ്രേമചന്ദ്രൻ, എം.പി. ശശികുമാർ, പി.യു. സന്തോഷ് കുമാർ, ജിൽസൺ തൂപ്പുങ്കര, ഷിജു ഐക്കരക്കുടി, ടി.എ. റെജിബാബു ഷജിൽകുമാർ, സന്തോഷ് ജി. നായർ, നിഖിൽ പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.
ഏഴും പതിമൂന്നും വയസ്സുള്ള കുട്ടികളും ഭാര്യയും അടങ്ങുന്ന നിർധന കുടുംബത്തിന്റെ അത്താണിയാണ് റെനി. എടവക ഗ്രാമപഞ്ചായത്തംഗം ജെൻസി ബിനോയി ചെയർമാനും ഗ്രാമപഞ്ചായത്തംഗം സി.എം. സന്തോഷ് കൺവീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
കേരള ഗ്രാമീൺ ബാങ്ക് മാനന്തവാടി ശാഖയിൽ 40476101071607 (ഐ.എഫ്.എസ്.സി- KLGB0040476) നമ്പർ അക്കൗണ്ടും തുറന്നിട്ടുണ്ട്. സഹായങ്ങൾ ജെൻസി ബിനോയി, ചെയർമാൻ, റെനി ജോർജ് ചികിത്സ സഹായ കമ്മിറ്റി, പുളിക്കക്കുടി, ചെറുവയൽ, കമ്മന, മാനന്തവാടി, വയനാട്, 670 645 എന്ന വിലാസത്തിലും അയക്കാം. ഫോൺ: 9605375295 (ചെയ.), 9847842844 (കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.