പുരസ്കാര നിറവിൽ മാനന്തവാടി ക്ഷീര സംഘം
text_fieldsമാനന്തവാടി: ഇരട്ട പുരസ്കാര നിറവിൽ മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം. 2019-20 വർഷത്തെ മികച്ച ക്ഷീരസംഘത്തിനുള്ള മിൽമ മലബാർ മേഖല യൂനിയൻ അവാർഡും വയനാട് ജില്ല അവാർഡുമാണ് സംഘത്തിന് ലഭിച്ചത്. മാനന്തവാടി താലൂക്കിലെ അഞ്ച് വില്ലേജുകൾ പ്രവർത്തന പരിധിയായി 1963ൽ 26 കർഷകരിൽനിന്നു 44 ലിറ്റർ പാൽ പ്രതിദിന സംഭരണവുമായി ആരംഭിച്ചതാണ് സംഘം. 1968ൽ പാൽ ലഭ്യത കുറവുമൂലം പ്രവർത്തനം നിലച്ചെങ്കിലും 1972ൽ മാനന്തവാടി പഞ്ചായത്ത് പ്രവർത്തന പരിധി ആക്കി പുനരാരംഭിച്ചു.
2003ൽ ആനന്ദ് മാതൃക സംഘം ആയി മാറിയ സംഘത്തിൽ 2009 വർഷത്തിൽ ശീതീകരണ ഉപകരണം സ്ഥാപിക്കുകയും വിവിധ ഘട്ടങ്ങളിലായി സംഘത്തിെൻറ ശീതീകരണ ശേഷി 20,000 ലിറ്റർ ആയി ഉയർത്തുകയും ചെയ്തു. നിലവിൽ മാനന്തവാടി മുനിസിപ്പാലിറ്റി പ്രവർത്തന പരിധി ആയിട്ടുള്ള സംഘം 1500 കർഷകരിൽനിന്നു പ്രതിദിനം 22,000 ലിറ്റർ പാൽ സംഭരിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന ആപ്കോസ് സംഘമായി മാനന്തവാടി ക്ഷീരസംഘം വളർന്നു. മാനന്തവാടി നഗരത്തിൽ സ്വന്തമായി 34 സെൻറ് സ്ഥലത്ത് 10,000 അടി വിസ്തീർണത്തിലുള്ള കെട്ടിടത്തിൽ 20,000 ലിറ്റർ പാൽ ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള യൂനിറ്റ് പ്രവർത്തിച്ചുവരുന്നു.
സംഘത്തിെൻറ പ്രവർത്തന പരിധിയിൽ 120ഓളം പാൽസംഭരണ കേന്ദ്രങ്ങളും 22 കാലിത്തീറ്റ ഡിപ്പോകളുമുണ്ട്. 23 സ്ഥിരം ജീവനക്കാരും 24 താൽക്കാലിക ജീവനക്കാരും സംഘത്തിൽ ജോലി ചെയ്യുന്നു. മങ്കടയിൽ നടന്ന ചടങ്ങിൽ ടി.എ. അഹമ്മദ് കബീർ എം.എൽ.എയിൽനിന്ന് സംഘം പ്രസിഡൻറ് പി.ടി. ബിജു, സെക്രട്ടറി കെ.വി. മഞ്ജുഷ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.