റോഡില്ല; നാരങ്ങാച്ചാൽ കോളനിക്ക് ദുരിതയാത്ര
text_fieldsമാനന്തവാടി: തൊണ്ടർനാട് നാരങ്ങാച്ചാൽ കോളനിയിൽ താമസിക്കുന്നവരുടെ യാത്ര ദുരിതത്തിന് പരിഹാരമില്ല. പഞ്ചായത്തിൽ 12ാം വാർഡ് നിവാസികളാണ് കാലങ്ങളായി ദുരിതം പേറുന്നത്. പഞ്ചായത്തിലെ മുക്കിലും മൂലയിലുമുള്ള ഇടവഴികൾപോലും കോൺക്രീറ്റും ടാറിങ്ങും നടത്തി സഞ്ചാരയോഗ്യമായപ്പോഴും നാരങ്ങാച്ചാൽ കോളനി റോഡിനോടുള്ള അധികൃതരുടെ അവഗണന തുടരുകയാണ്.
ഒരു കി.മീ. മാത്രം ദൂരമുള്ള തൊണ്ടർനാട്ടിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളിലൊന്നാണ് നാരങ്ങാച്ചാൽ മീൻമുട്ടി റോഡ്. 40 ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ എത്താനുള്ള ഏക ആശ്രയമാണിത്.
പഞ്ചായത്ത് പൊതുശ്മശാനവും ഇതിനടുത്താണ്. മുമ്പ് പ്രധാന റോഡിൽ നിന്നും ചാലിൽ പ്രദേശം വരെ വിവിധ പദ്ധതികളിൽപെടുത്തി ടാറിങ്ങും ചിലഭാഗങ്ങളിൽ കോൺക്രീറ്റും നടത്തിയെങ്കിലും നാരങ്ങാച്ചാലിനെ അവഗണിച്ചു. ഇതു വഴി കാൽനടയാത്രപോലും ദുഷ്കരമാണ്.
മഴക്കാലമായാൽ വാഹനങ്ങൾ ഇവിടെയെത്താറില്ല. കോളനിയിൽ അർക്കെങ്കിലും അസുഖം വന്നാൽ ആശുപത്രിയിലെത്തിക്കാൻപോലും വലിയ ബുദ്ധിമുട്ടാണ്. തൊണ്ടർനാട് പഞ്ചായത്തിനടുത്ത റോഡിൽനിന്ന് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലൂടെയാണ് ഇവർ ദിനേന കോറോം ടൗണിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.