തകർന്നടിഞ്ഞ് ബാവലി-മൈസൂരു പാത
text_fieldsമാനന്തവാടി: കർണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാന അന്തര്‍ സംസ്ഥാന പാതയായ മാനന്തവാടി-ബാവലി-മൈസൂരു റോഡ് തകർന്നടിഞ്ഞ് യാത്ര ദുഷ്കരമായി. നാഗര്‍ഹോളെ ദേശീയ ഉദ്യാനത്തില്‍ കൂടി കടന്നുപോകുന്ന ബാവലി മുതലുള്ള വനപാതയാണ് കൂടുതലും തകർന്ന് തരിപ്പണമായിരിക്കുന്നത്.
ടിപ്പു സുല്‍ത്താന്റെ കാലം മുതല്‍ ഉപയോഗിച്ചിരുന്ന പാതയാണിത്. മാനന്തവാടിയില്‍ നിന്ന് ബാവലി വഴി മൈസൂരിലേക്കുള്ള ഈ റോഡാണ് വാഹനഗതാഗതം ദുഷ്‌കരമാക്കുന്ന തരത്തില്‍ തകര്‍ന്നത്.
സംസ്ഥാന അതിര്‍ത്തിയായ ബാവലി മുതല്‍ കര്‍ണാടകയിലെ ഹാന്‍ഡ് പോസ്റ്റ് വരെയുള്ള ഭാഗത്താണ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. നാഗര്‍ഹോളെ ദേശീയ ഉദ്യാനത്തിലൂടെ കടന്നുപോകുന്ന ഭാഗമാണിത്. വ്യാപാരികളും കര്‍ഷകരും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഇതിലൂടെ കടന്നുപോകുന്നത്.
മൈസൂരു-തലശ്ശേരി പാതയിലെ മാക്കൂട്ടം ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ മൈസൂരു ഭാഗത്തുനിന്ന് കണ്ണൂര്‍ ജില്ലയിലേക്കുള്ള ചരക്ക് ലോറികളും ബാവലി വഴിയാണ് വരുന്നത്.
കണ്ണൂർ, വടക്കേ വയനാട് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മൈസൂരുവിലേക്കുള്ള എളുപ്പമാർഗം കൂടിയാണിത്. റോഡ് ഗതാഗതയോഗ്യമാക്കാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്നതിനാല്‍ വൈകീട്ട് ആറ്മുതല്‍ രാവിലെ ആറ് വരെ ഗതാഗത നിരോധനമുള്ള പാതയാണിത്. റോഡ് തകര്‍ന്നതോടെ പകലും യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.