പടക്കം പൊട്ടിക്കുമ്പോൾ മുൻകൂട്ടി അറിയിക്കണമെന്ന് വനം വകുപ്പിനോട് പൊലീസ്
text_fieldsമാനന്തവാടി: വന്യമൃഗങ്ങളെ തുരത്താൻ വനപാലകർ പടക്കം പൊട്ടിക്കുമ്പോൾ മുൻകൂട്ടി സമീപവാസികളെ അറിയിക്കണമെന്ന് വനം വകുപ്പിനോട് പൊലീസ്. ജില്ല പൊലീസ് മേധാവി പദം സിങ്ങാണ് നോർത്ത് വയനാട് ഡി.എഫ്.ഒക്ക് കത്ത് നൽകിയത്. വനപാലകർ പൊലീസ് സ്റ്റേഷൻ പരിസരത്ത് പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് പൊലീസിന്റെ കത്ത്.നവംബർ 11ന് പുലർച്ച 12.45ഓടെ വാഹനത്തിലെത്തിയ വനപാലകർ തിരുനെല്ലി പൊലീസ് സ്റ്റേഷനു മുന്നിലെത്തി പടക്കം പൊട്ടിച്ചിരുന്നു.
ഇത് ജാഗ്രതയോടെ ജോലി ചെയ്യുന്ന പൊലീസ് സേനാംഗങ്ങളെ പരിഭ്രാന്തരാക്കിയെന്നാണ് ജില്ല പോലീസ് മേധാവി പറയുന്നത്. കാട്ടാനയെ തുരത്താനാണ് വനപാലകർ പടക്കം പൊട്ടിച്ചതെന്ന് മനസ്സിലായെങ്കിലും വനപാലകരുടെ വിവേകപൂർവമല്ലാത്ത പ്രവൃത്തി കാരണം മാവോവാദി ആക്രമണമാണോ എന്ന് പൊലീസ് തെറ്റിദ്ധരിച്ചതായും ജില്ല പൊലീസ് മേധാവി നൽകിയ കത്തിലുണ്ട്.
വന്യമൃഗങ്ങളെ തുരത്തുന്നതിന് രാത്രിയിൽ പടക്കം പൊട്ടിക്കുന്നതിനു മുമ്പ് സമീപവാസികളെ അറിയിക്കണമെന്നും ജനങ്ങൾ പരിഭ്രാന്തരാകുന്നത് ഒഴിവാക്കണമെന്നുമാണ് വനം വകുപ്പിനോട് പൊലീസിന്റെ ആവശ്യം. ജില്ലയിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് മാസങ്ങൾക്കു മുമ്പ് കാട്ടിക്കുളത്തുള്ള തിരുനെല്ലി പൊലീസ് എയ്ഡ് പോസ്റ്റിനു മുന്നിലെയും തോൽപെട്ടിയിലെയും വാഹന പരിശോധന പൊലീസ് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.