സഹോദരീഭർത്താവിന്റെ മരണം: പ്രതിഷേധിച്ച യുവാവ് റിമാൻഡിൽ
text_fieldsമാനന്തവാടി: സഹോദരിയുടെ ഭർത്താവ് മരിച്ചതിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവിശ്യപ്പെട്ട് വയനാട് ഗവ. മെഡിക്കൽ കോളജിനു മുന്നിൽ യുവാവിന്റെ ഒറ്റയാൾ സമരം. ഒഴക്കോടി ചിറപ്പുറത്ത് ഷോബിൻ സി. ജോണാണ് ഞായറാഴ്ച രാവിലെ മെഡിക്കൽ കോളജിന്റെ ബോർഡിൽ സ്പ്രേ പെയ്ന്റ് അടിച്ചു പ്രതിഷേധിച്ചത്.
മെഡിക്കൽ കോളജ് എന്ന പേര് വെട്ടിക്കളഞ്ഞ ശേഷം കൃത്യമായ ചികിത്സ നൽകുക, ആശുപത്രിയുടെ ഉത്തരവാദിത്തം ആർക്ക് എന്നിങ്ങനെ എഴുതിയാണ് പ്രതിഷേധിച്ചത്. ഷോബിന്റെ സഹോദരിയുടെ ഭർത്താവും ടാക്സി ഡ്രൈവറുമായ കൊയിലേരി മഠത്തു പറമ്പിൽ സ്വദേശി ബിജു വർഗീസ് ദിവസങ്ങൾക്കു മുന്നേ മരിച്ചിരുന്നു. ബിജു മരിക്കാനിടയായത് മെഡിക്കൽ കോളജിൽനിന്നു മതിയായ ചികിത്സ ലഭിക്കാത്തതിനാലെന്ന് ഷോബിൻ നേരത്തേ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മെഡിക്കൽ കോളജ് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഷോബിൻ ഞായറാഴ്ച പ്രതിഷേധവുമായെത്തിയത്.
ഫെബ്രുവരി 29 ന് പുലർച്ചയാണ് മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നതിനെത്തുടർന്ന് ബിജുവിനെ മെഡിക്കൽ കോളജിൽ പ്രവേശിച്ചത്. അന്നനാളത്തിൽ പൊട്ടലുണ്ടായതിനാലാണ് ഇത്രയധികം രക്തം വായിലൂടെ വരുന്നതെന്നാണ് ഡ്യൂട്ടി ഡോക്ടർ പറഞ്ഞത്. ഗ്യാസ്ട്രോ വിഭാഗം ഡോക്ടടറെ കാണിക്കണമെന്നാവശ്യപ്പെട്ടാണ് ബിജുവിനെ റഫർ ചെയ്തത്. ആധുനിക സൗകര്യങ്ങളില്ലാത്ത ആംബുലൻസിൽ കൊണ്ടുവരുമ്പോൾ വഴിമധ്യേ സ്ഥിതി വഷളായതോടെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലുമെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്ത സ്രാവമുണ്ടായതായി മനസ്സിലാക്കാൻ സാധിച്ചു. ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും പിറ്റേദിവസം മരിച്ചു - ഷോബിൻ പറഞ്ഞു.
സമര വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഷോബിനെ കസ്റ്റഡിയിലെടുത്തു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഷോബിനെ റിമാൻഡ് ചെയ്തു.
അതേസമയം, ചികിത്സ തേടിയെത്തിയ ബിജുവിനു സാധ്യമായ എല്ലാ ചികിത്സയും നൽകിയതായി ആശുപത്രി അധികൃതർ പറഞ്ഞു. ഗ്യാസ്ട്രോ എൻട്രോളജി ഡോക്ടറുടെ സേവനം ഇല്ലാത്തതിനാലാണ് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന മറ്റു ആശുപത്രിയിലേക്ക് പോകാൻ പറഞ്ഞത്. പുലർച്ച 4.21ന് എത്തിയ രോഗിയെ രക്തസ്രാവം നിർത്താനുള്ള രണ്ട് ഇൻജക്ഷൻ ഉൾപ്പെടെ നൽകി 4.35ന് റഫർ ചെയ്തിരുന്നു. ഷോബിനിൽ നിന്നു ലഭിച്ച പരാതി അന്വേഷിക്കാൻ കമീഷനെ നിയോഗിച്ചതായും ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.