കൃഷിയിറക്കി അവാർഡ് കൊയ്ത് തിരുനെല്ലിയിലെ ബഡ്സ് സ്കൂൾ
text_fieldsമാനന്തവാടി: സംസ്ഥാന സർക്കാറിന്റെ മികച്ച കാർഷിക വിദ്യാലയത്തിനുള്ള അവാർഡ് (സ്പെഷൽ സ്കൂൾ) തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്കൂളിന്. കുടുംബശ്രീ വയനാട് ജില്ല മിഷന്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും മേൽനോട്ടത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്കൂൾ. കുടുംബശ്രീ സംസ്ഥാന മിഷൻ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ മാനസിക-ശാരീരിക വളർച്ചക്കുവേണ്ടി നടപ്പാക്കിയ അഗ്രി തെറപ്പിയുടെ ഭാഗമായി ഒരേക്കറോളം സ്ഥലത്ത് ബഡ്സ് സ്കൂൾ നടത്തിയ പച്ചക്കറി കൃഷിയാണ് ഇവരെ അവാർഡിന് അർഹമാക്കിയത്.
കീസ്റ്റോൺ ഫൗണ്ടേഷന്റെ സഹായത്തോടുകൂടി സ്ഥാപനത്തിൽ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറിത്തോട്ടമായിരുന്നു ബഡ്സ് സ്കൂളിൽ ഒരുക്കിയിരുന്നത്. തക്കാളി, വഴുതനങ്ങ, കോളിഫ്ലവർ, കാബേജ്, പയർവർഗങ്ങൾ, ചീര, ചേമ്പ്, ചേന, കപ്പ, വാഴ, പാഷൻഫ്രൂട്ട്, വിവിധ മുള വർഗങ്ങൾ, പച്ചമുളക്, കാന്താരി, കാച്ചിൽ മുതലായവയാണ് ഒരു ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്തത്. ബഡ്സ് സ്കൂളിൽ തിരുനെല്ലി പഞ്ചായത്തിലെ 40ഓളം വിദ്യാർഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. തിരുനെല്ലി കൃഷിഭവന്റെ മേൽനോട്ടത്തിലാണ് അഗ്രി തെറപ്പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.