കെട്ടിട സൗകര്യമുണ്ട്; എൽ.പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ നടപടിയില്ല
text_fieldsമാനന്തവാടി: തോട്ടം -ആദിവാസി മേഖലകളിലുള്ള കുട്ടികൾ പഠിക്കുന്ന പിലാക്കാവ് സെന്റ് ജോസഫ് എൽ.പി സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. 66 വർഷം മുമ്പാണ് കോഴിക്കോട് രൂപതക്ക് കീഴിൽ ഇവിടെ സ്കൂൾ ആരംഭിച്ചത്. വർഷങ്ങൾക്ക് മുമ്പ് സ്കൂൾ അഞ്ചാം ക്ലാസായി ഉയർത്തണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാൽ അവഗണിക്കപ്പെടുകയായിരുന്നു. നിലവിൽ ഏഴാം ക്ലാസ് വരെ ആരംഭിക്കാനുള്ള കെട്ടിട സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ അധ്യയന വർഷം 310 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
ഇതിൽ പകുതിയോളം ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരും 30 ശതമാനത്തോളം തോട്ടം തൊഴിലാളികളുടെ മക്കളുമാണ്. നിലവിൽ ഉപരിപഠനത്തിന് കണിയാരം ടി.ടി.ഐയോ മാനന്തവാടി ഗവ.യു.പി സ്കൂളിനെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കിലോ മീറ്ററുകൾ സഞ്ചരിക്കേണ്ടതിനാൽ ടാക്സി ജീപ്പുകളെയോ സ്കൂൾ ബസുകളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ദിനംപ്രതി വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാൽ കുട്ടികൾ ഇടക്ക് വെച്ച് പഠനം ഉപേക്ഷിക്കുകയാണ്. ഇതിലേറെയും ആദിവാസി കുട്ടികളാണ്. വന്യമൃഗശല്യവും കുട്ടികൾക്ക് തിരിച്ചടിയാവുന്നുണ്ട്. പിലാക്കാവ്, ജെസ്സി, വട്ടർകുന്ന്, മണിയൻകുന്ന്, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠി
ക്കുന്നത്. സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ഒരുക്കത്തിലാണ് പി.ടി.എ. ഡിവിഷൻ കൗൺസിലർ സീമന്തിനി സുരേഷ്, പ്രധാനാധ്യാപിക പി.ജെ. ജാസി, പി.ടി.എ പ്രസിഡന്റ് എം.എം. ഷെമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.