വയനാട് ജില്ലയിൽ അര്‍ബുദ രോഗികൾ കൂടുന്നു
text_fieldsമാനന്തവാടി: ജില്ലയിൽ അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക. ഒരു വർഷം ആയിരം രോഗികൾക്ക്, പ്രതിദിനം മൂന്നു പേർക്ക് എന്ന തോതിൽ രോഗം സ്ഥിരീകരിക്കുന്നുവെന്നാണ് കണക്ക്. കൂടുതലും സ്ത്രീകളിലാണ് രോഗബാധ.
സാന്ത്വന പരിചരണ കേന്ദ്രങ്ങൾ വഴി രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ജില്ലയിലെ അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ വന്‍ വർധനവ് വെളിപ്പെടുന്നത്. 2022 മാര്‍ച്ച് മാസം അവസാനിക്കുമ്പോള്‍ ജില്ലയിലെ രോഗികളുടെ എണ്ണം 2972 ആയിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ട് 2023 മാര്‍ച്ച് മാസം അവസാനിക്കുമ്പോള്‍ 1000 രോഗികള്‍ വർധിച്ച് 3972 പേരായി. ഇവരില്‍ 699 പേര് മരണത്തിന് കീഴടങ്ങി.
39 പേര് മറ്റുജില്ലകളിലേക്ക് ചേക്കേറി. സാന്ത്വന പരിചരണ കേന്ദ്രങ്ങളിൽ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി അര്‍ബുദ രോഗികളും ജില്ലയിലുണ്ട്. രജിസ്റ്റര്‍ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ അര്‍ബുദ രോഗികള്‍ ഉള്ളത് അമ്പലവയല്‍ പഞ്ചായത്ത് പരിധിയിലാണ്. 250 രോഗികൾ. തവിഞ്ഞാല്‍ പഞ്ചായത്തില്‍ 202 പേരും, പനമരത്ത് 178 പേരും, സുൽത്താൻ ബത്തേരി നഗരസഭ പരിധിയില്‍ 177 രോഗികളുമാണ് നിലവിലുള്ളത്. അര്‍ബുദ രോഗം ബാധിക്കുന്നതില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്. സ്തന-ഗര്‍ഭാശയ അര്‍ബുദമാണ് സ്ത്രീകളെ കൂടുതലായി ബാധിക്കുന്നത്.
2022 ഒക്ടോബര്‍ മാസം വരെയുള്ള കണക്ക് പ്രകാരം 634 സ്തനാര്‍ബുദ രോഗികളും, വയര്‍-വന്‍കുടല്‍- ചെറുകുടല്‍ സംബന്ധമായ അര്‍ബുദം ബാധിച്ച് 330 പേരും ഉണ്ട്. വായിലെ അര്‍ബുദം ബാധിച്ച് 296 പേരും, കഴുത്ത്-തലഭാഗങ്ങളില്‍ രോഗം ബാധിച്ച് 213 പേരും 193 പേര്‍ക്ക് ഗര്‍ഭാശയത്തിലും 139 പേര്‍ക്ക് ശ്വാസകോശാര്‍ബുദവും ഉണ്ട്. നേരത്തെ കണ്ടെത്തി ഫലപ്രദമായി ചികിത്സിച്ചാല്‍ പല അര്‍ബുദങ്ങളും ഭേദമാക്കാനാകും. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് കാന്‍സര്‍ സ്ട്രാജറ്റിക് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് കീഴില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മുന്‍കൂര്‍ രോഗ നിര്‍ണയ ക്ലിനിക്കുകള്‍ നടപ്പാക്കിവരുന്നുണ്ട്.
നല്ലൂര് നാട് ഗവ. ട്രൈബല്‍ ഹോസ്പിറ്റല്‍ ആണ് ജില്ലയിലെ ഏക അർബുദ ചികിത്സ ആശുപത്രി. കീമോതെറപ്പി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. കീമോതെറപ്പി എടുക്കുന്നവരില്‍ രക്താണുക്കള്‍ കുറവുള്ളവരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട് . ഗ്രാമീണ മേഖലയിലെ രോഗികള്‍ക്ക് കൂടുതല്‍ വിദഗ്ദ ചികിത്സ ലഭിക്കുന്നതിനായി ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ടെലി മെഡിസിന് സൗകര്യം ലഭ്യമാക്കിവരുന്നുണ്ട്. പുകയില ഉൽപന്നങ്ങളുടെ ഉപയോഗ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽകരിക്കാനും ഉപയോഗം ഇല്ലാതാക്കാനും സ്കൂളുകളും കോളനികളും കേന്ദ്രീകരിച്ച് ‘പുക-ഇല്ലാ’ കാമ്പയിനും നടത്തുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ പ്രിയസേന്നൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.