യൂസ്ഡ്കാർ ഷോപ്പിൽ നിന്ന് കാർ മോഷ്ടിച്ച് കടന്നവർ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് വലയിലാക്കിയതിങ്ങനെയാണ്
text_fieldsമാനന്തവാടി: കാർ മോഷ്ടാക്കളെ മിനിറ്റുകൾക്കുള്ളിൽ വലയിലാക്കി മാനന്തവാടി പൊലീസ്. മലപ്പുറം കാര്യവട്ടം തേലക്കാട് ചെറങ്ങരക്കുന്ന് താളിയിൽ വീട്ടിൽ രത്നകുമാർ (42), കൊല്ലം കടക്കൽ കൈതോട്ചാലുവിള പുത്തൻ വീട്ടിൽ അബ്ദുൽ കരീം (37) എന്നിവരെയാണ് കാറുമായി കടന്നു കളയാനുള്ള ശ്രമത്തിനിടെ പെട്രോൾ പമ്പിൽ വെച്ച് പിടികൂടിയത്.
മാനന്തവാടി ചങ്ങാടക്കടവിലെ മലബാർ മോട്ടോഴ്സ് യൂസ്ഡ് കാർ ഷോപ്പിൽ നിന്നാണ് ഞായറാഴ്ച പുലർച്ച രണ്ടരയോടെ ഇയ്യോൺ കാർ മോഷണം പോയത്. കടയുടെ ചങ്ങല മുറിച്ച് അകത്തു കയറിയ മോഷ്ടാക്കൾ ഓഫിസ് മുറി കുത്തിതുറന്ന് താക്കോൽ കൈക്കലാക്കി കാറുമായി കടന്നു കളയുകയായിരുന്നു.
മോഷ്ടിച്ച കാർ കൊണ്ടുപോകുന്നതിനുള്ള സൗകര്യത്തിനായി മറ്റൊരു കാറിെൻറ ഡോർ കുത്തിത്തുറന്ന് തള്ളിമാറ്റിയിരുന്നു. ശബ്ദം കേട്ട് കെട്ടിട ഉടമ സ്ഥാപന ഉടമകളായ അബൂബക്കർ, ജമാൽ എന്നിവരെ വിവരമറിയിച്ചു. ഇവരെത്തി മോഷണം സ്ഥിരീകരിക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. രാത്രി പരിശോധനയിൽ ഉണ്ടായിരുന്ന മാനന്തവാടി എസ്.എച്ച്.ഒ എം.എം. അബ്ദുൽ കരീമിെൻറ നിർദേശത്തെ തുടർന്ന് എസ്.ഐ പി.പി. സക്കറിയ, സി.പി.ഒ ഐ.എസ്. സുധീഷ് എന്നിവർ രാത്രി തുറന്നു പ്രവർത്തിക്കുന്ന തോണിച്ചാലിലെ പമ്പിൽ എത്തുകയും ഇന്ധനം നിറക്കാനായി എത്തിയ മോഷ്ടാക്കളുടെ വാഹനം തടഞ്ഞു നിർത്തി പിടികൂടുകയുമായിരുന്നു. യൂസ്ഡ് കാർ ഷോറു മുകളിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ ഇന്ധനം കുറവായിരിക്കുമെന്നറിയാവുന്ന പൊലീസ് ഇവരെ തന്ത്രപൂർവം കുടുക്കുകയായിരുന്നു.
അബ്ദുൽ കരീം പനമരം പൊലിസ് സ്റ്റേഷനിലെ വിവിധ കേസുകളിൽ പ്രതിയും, രത്നകുമാർ എൻ.ഡി.പി.എസ് കേസുകളിൽ ഉൾപ്പെടെ പ്രതിയുമാണ്. ആവശ്യമെങ്കിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി വിരലടയാളങ്ങൾ ശേഖരിച്ചു. എസ്.ഐ ബിജു ആൻറണി, എ.എസ്.ഐമാരായ സൈനുദ്ദീൻ, ഇ. നൗഷാദ്, സീനിയർ സി.പി.ഒ അഞ്ജിത്ത് കുമാർ, സി.പി.ഒമരായ വി.കെ. രഞ്ജിത്ത് , ജാസിം ഫൈസൽ, മുഹമ്മദ് റഫീഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.