ചന്ദ്രിക വധം; ഭർത്താവിന് ജീവപര്യന്തം
text_fieldsമാനന്തവാടി: തോൽപെട്ടി ചന്ദ്രിക വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. ഇരിട്ടി, വള്ളിത്തോട് പാറക്കണ്ടി പറമ്പിൽ അശോകനാണ് (50) മാനന്തവാടി സ്പെഷ്യൽ ജഡ്ജി ആൻഡ് അഡീഷനൽ സെഷൻസ് ജഡ്ജി പി.ടി. പ്രകാശൻ ശിക്ഷവിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ അഞ്ച് വർഷം കഠിന തടവും അനുഭവിക്കണം.
2019 മേയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് അശോകന്റെ നിരന്തരമായ ഉപദ്രവത്തെ തുടർന്ന് സഹോദരൻ തോൽപെട്ടി ചെക്ക് പോസ്റ്റിന് സമീപത്തെ കൊറ്റൻ കോട് സുധാകരന്റെ വീട്ടിലായിരുന്നു ചന്ദ്രികയും മക്കളും താമസിച്ചിരുന്നത്. ഇതേവർഷം ഏപ്രിലിൽ അശോകൻ ഈ വീട്ടിലെത്തി ചന്ദ്രികയെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അന്ന് സുധാകരനും മറ്റും ചേർന്ന് അക്രമം തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഭീഷണി മുഴക്കി തിരിച്ചുപോയ അശോകൻ കൃത്യം ഒരു മാസം കഴിഞ്ഞ് തിരിച്ചെത്തി രാത്രി മക്കളായ അനശ്വര, അശ്വതി എന്നിവരുടെ മുന്നിൽവെച്ച് ചന്ദ്രികയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
അന്ന് തിരുനെല്ലി എസ്.ഐ ആയിരുന്ന രജീഷ് തെരുവത്ത് കുടിയും എ.എസ്.ഐ കെ.വി. സജിയുമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസിൽ ഒന്നാം സാക്ഷി ചന്ദ്രികയുടെ സഹോദരൻ സുധാകരനും രണ്ടും മൂന്നും സാക്ഷികൾ മക്കളായ അനശ്വരയും അശ്വതിയുമായിരുന്നു. ഇവരുടെ മൊഴികളാണ് കേസിൽ നിർണായകമായത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജോഷി മുണ്ടക്കൻ ഹാജരായി.
25 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകളും 50 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തു. നഷ്ടപരിഹാര തുക പ്രതിയിൽ നിന്ന് ഈടാക്കാൻ സാധിച്ചില്ലെങ്കിൽ തുക നൽകാനുള്ള നടപടി സ്വീകരിക്കാൻ ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. ഈ കേസിൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ സമയത്ത് സഹതടവുകാരന്റെ ഭാര്യയെ ബലാത്സഗം ചെയ്ത കേസിൽ തലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വിചാരണയിലാണ്.
ചന്ദ്രിക വധം: അർഹിച്ച ശിക്ഷ- മക്കൾ
മാനന്തവാടി: തങ്ങളുടെ കൺമുന്നിൽ അമ്മയെ കുത്തിക്കൊന്ന പിതാവിന് ലഭിച്ച ജീവപര്യന്തം അർഹിക്കുന്ന ശിക്ഷയാണെന്ന് മക്കൾ. തോൽപെട്ടി കൊറ്റൻ കോട് ചന്ദ്രികയെയാണ് ഭർത്താവ് ഇരിട്ടി വള്ളിത്തോട് പാറക്കണ്ടി പറമ്പിൽ അശോകൻ കൊലപ്പെടുത്തിയത്. അശോകൻ 2019 ഏപ്രിൽ അഞ്ചിന് തോൽപെട്ടിയിലെത്തി ചന്ദ്രികയെ ഭീഷിണിപ്പെടുത്തിയിരുന്നു. കൃത്യം ഒരു മാസമായപ്പോഴാണ് കൊലപാതകം.
കൊലപാതക സമയത്ത് മക്കളായ അനശ്വര (19), അശ്വതി (16) എന്നിവർ ദൃക് സാസാക്ഷികളായിരുന്നു. ഇവരുടെ സാക്ഷിമൊഴികളാണ് നിർണായകമായത്. ആദ്യ ഭീഷണി ഉണ്ടായപ്പോൾത്തന്നെ പൊലീസ് കർശന നടപടി എടുത്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നെന്ന് അവസാന വാദത്തിനിടെ ജഡ്ജി പി.ടി. പ്രകാശ് നിരീക്ഷിച്ചു. അനശ്വര നിലവിൽ മലപ്പുറത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുകയാണ്. അശ്വതി കാളൻ കോളജ് ബി.കോം അവസാനവർഷ വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.