ചെറിയ നായ്ക്കട്ടി പാലം കൈവരി നിർമാണം പുരോഗമിക്കുന്നു
text_fieldsമാനന്തവാടി: കൈവരിയും സുരക്ഷാവേലിയും ഇല്ലാത്തതിനാൽ അപകടഭീഷണി ഉയർത്തുന്ന തോൽപെട്ടി ചെറിയ നായ്ക്കട്ടി പാലത്തിന്റെ കൈവരി നിർമാണം പുരോഗമിക്കുന്നു. പാലത്തിന്റെ കൈവരികൾ കാലപ്പഴക്കത്താൽ ദ്രവിച്ചും വാഹനങ്ങൾ ഇടിച്ചും പൂർണമായും തകർന്നിരുന്നു. ജില്ലയിലെ 10 പാലങ്ങള്‍ നവീകരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചെറിയ നായ്ക്കട്ടി പാലത്തിന് പൊതുമരാമത്ത് വകുപ്പ് കൈവരി നിർമിക്കുന്നത്. അഞ്ചു ദിവസം മുമ്പ് ആരംഭിച്ച പ്രവൃത്തി രണ്ടാഴ്ചക്കകം പൂര്‍ത്തിയാകും.
പാലത്തിന്റെ കൈവരികൾ വർഷങ്ങൾക്കു മുമ്പ് തകർന്നിരുന്നു. പിന്നീട് ഇരുമ്പു പൈപ്പുകളും മറ്റും ഉപയോഗിച്ച് കൈവരി നിർമിച്ചെങ്കിലും ഒരു ഭാഗത്തുള്ളവ വാഹനം ഇടിച്ച് പൂർണമായും തകർന്നു. ജില്ലയിൽനിന്ന് കർണാടകയിലേക്ക് 24 മണിക്കൂറും ഗതാഗതസൗകര്യമുള്ള ഏക പാതയായ തോൽപെട്ടി-കുട്ട റോഡിലാണ് ചെറിയ നായ്ക്കട്ടി പാലമുള്ളത്. പാലത്തിനു മതിയായ വീതിയില്ലാത്തതും കൈവരിയില്ലാത്തതും മിക്കപ്പോഴും അപകടങ്ങളുണ്ടാക്കിയിരുന്നു.
അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ പാലത്തിനടുത്ത് എത്തുമ്പോൾ വേഗം കുറക്കാൻ ശ്രമിക്കുമ്പോഴാണ് മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്. പാലത്തിന്റെ ഇരുഭാഗത്തും വേഗനിയന്ത്രണ വരമ്പുകളുണ്ടെങ്കിലും ഇവിടെ അപകടം പതിവായിരുന്നു. ബസ് ഉൾപ്പെടെ വാഹനങ്ങൾ പാലത്തിൽനിന്ന് താഴേക്ക് പതിച്ച സംഭവമുണ്ടായിട്ടുണ്ട്.
നിലവിൽ പാലത്തിന്റെ ഇരുഭാഗത്തും നാലുവീതം കോൺക്രീറ്റ് തൂണുണ്ട്. ഇത് ഉയർത്തിയാണ് വേലി നിർമിക്കുന്നത്. വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതയാണ് ചെറിയ നായ്ക്കട്ടി പാലത്തിനു സമീപത്തുള്ള പ്രദേശങ്ങൾ.
രാത്രി എന്തെങ്കിലും അപകടമുണ്ടായാൽ 20 കിലോമീറ്ററിലധികം സഞ്ചരിച്ച് മാനന്തവാടിയിലെ മെഡിക്കൽ കോളജിലെത്തി വേണം ചികിത്സ തേടാൻ. ചെറിയ നായ്ക്കട്ടിയിൽ പുതിയ പാലം നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്.
3.30 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചിട്ടുള്ളത്. 30 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും 100 മീറ്റര്‍ സമീപന റോഡും ഉള്‍പ്പെടുന്ന എസ്റ്റിമേറ്റാണ് നൽകിയിട്ടുള്ളത്.
2019ലെ സംസ്ഥാന സർക്കാർ ബജറ്റിൽ തിരുനെല്ലി ചെറിയ നായ്ക്കട്ടി, കമ്മന-വള്ളിയൂർക്കാവ് പാലങ്ങൾക്ക് തുക വകയിരുത്തിയിരുന്നു. കമ്മന- വള്ളിയൂർക്കാവ് പാലം പണി തുടങ്ങിയെങ്കിലും ചെറിയ നായ്ക്കട്ടി പാലത്തിന്റെ പ്രവൃത്തികൾ എങ്ങുമെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.