പോരാട്ടം തനിയാവർത്തനം; ആരുപിടിക്കും മാനന്തവാടി?
text_fieldsമാനന്തവാടി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിെൻറ തനിയാവർത്തനമാണ് മാനന്തവാടി മണ്ഡലത്തിൽ. വികസന നേട്ടങ്ങളിലൂടെ മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി വീണ്ടും ഒ.ആർ. കേളു തന്നെയാണ് ജനവിധി തേടുന്നത്.
കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയെയാണ് ഇക്കുറിയും യു.ഡി.എഫ് മത്സരിപ്പിക്കുന്നത്. വോട്ട് വിഹിതം വർധിപ്പിക്കാൻ എൻ.ഡി.എ സ്ഥാനാർഥി മുകുന്ദൻ പള്ളിയറയും കളത്തിലിറങ്ങിയതോടെ മാനന്തവാടിയിൽ അങ്കം മുറുകി.
ബബിത ശ്രീനു (എസ്.ഡി.പി.ഐ), വിജയ ചേലൂര്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി), സ്വതന്ത്രരായി കെ.കെ. കേളു, ലക്ഷ്മി എന്നിവരും മത്സര രംഗത്തുണ്ട്. വേനലിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ തിളച്ചുമറിയുകയാണ് ഇപ്പോൾ മാനന്തവാടി. പൊതുവേ, യു.ഡി.എഫ് മണ്ഡലമായ മാനന്തവാടിയിൽ രണ്ടുതവണ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്.
2006ൽ കെ.സി. കുഞ്ഞിരാമൻ 15,115 വോട്ടിന് വിജയിച്ചു. 2011ൽ യു.ഡി.എഫിലെ പി.കെ. ജയലക്ഷ്മിയോട് 12,734 വോട്ടിന് തോറ്റു. 2016ൽ ജയലക്ഷ്മിയെ 1,307 വോട്ടിനാണ് കേളു പരാജയപ്പെടുത്തിയത്. കേളുവിെൻറ വ്യക്തിപ്രഭാവം തങ്ങൾക്ക് ഗുണകരമാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ച മേൽക്കൈ എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. 3,756 വോട്ടിെൻറ ഭൂരിപക്ഷം എൽ.ഡി.എഫിനുണ്ട്. ലോക്കൽ കൺവെൻഷനുകൾ പൂർത്തിയാക്കി സ്ഥാനാർഥി പര്യടനം ആരംഭിച്ചു.
അതേസമയം, എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ പയറ്റുകയാണ് പി.കെ. ജയലക്ഷ്മിയും യു.ഡി.എഫ് നേതാക്കളും. കഴിഞ്ഞ തവണത്തെ പോലെ വിമത പ്രവർത്തനം ഇല്ലാത്തത് യു.ഡി.എഫിന് ആശ്വാസം നൽകുന്നുണ്ട്. സ്ഥാനാർഥിയാകുന്നതിന് മുമ്പുതന്നെ ജയലക്ഷ്മി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരുന്നു.
മണ്ഡലത്തിലെ വികസന മുരടിപ്പും സംസ്ഥാന സർക്കാറിെൻറ അഴിമതിയും യു.ഡി.എഫിെൻറ ജനക്ഷേമ പ്രകടനപത്രികയും സജീവ ചർച്ചയാക്കുന്നുണ്ട്. ഗൃഹസന്ദർശനവും കൺവെൻഷനുകളും പൂർത്തിയാക്കി കുടുംബ യോഗങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് യു.ഡി.എഫ്. അതേസമയം, ശബരിമല വിഷയവും ഇരുമുന്നണികളും തുടരുന്ന വർഗീയ പ്രീണനവും പരിസ്ഥിതിലോല മേഖലയും വിഷയമാക്കിയാണ് എൻ.ഡി.എ സ്ഥാനാർഥി മുകുന്ദൻ പള്ളിയറയുടെ പടയോട്ടം. 1,95,048 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
96,868 പുരുഷന്മാരും 98,180 സ്ത്രീകളും. 3,816 പുതിയ വോട്ടർമാരുണ്ട്. കഴിഞ്ഞ തവണ കേളുവിന് 62,436 വോട്ടും ജയലക്ഷ്മിക്ക് 61,129 വോട്ടുമാണ് ലഭിച്ചത്. എന്തായാലും ജനങ്ങളുടെ മനസ്സറിയാൻ മേയ് രണ്ടുവരെ കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.