മാനന്തവാടി നഗരസഭയിലെ അഴിമതി:സി.പി.എം പ്രക്ഷോഭത്തിലേക്ക്
text_fieldsമാനന്തവാടി: നഗരസഭയിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.എം നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒമ്പത്, 10 തീയതികളില്‍ പ്രചാരണ വാഹനജാഥയും 12ന് മുനിസിപ്പല്‍ ഓഫിസ് ഉപരോധവും നടത്തും.
നഗരസഭ ലാപ്ടോപ് വാങ്ങിയതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് അധികൃതര്‍ നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. 2022-23 വര്‍ഷത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ വിപണിയില്‍ 36,000 രൂപ മാത്രം വിലയിലുള്ള ലാപ്ടോപ് 56890 രൂപ മുടക്കിയാണ് വാങ്ങിയത്. പര്‍ച്ചേസ് മാനദണ്ഡങ്ങൾ പാലിക്കാതെയും കൗണ്‍സില്‍ അംഗീകാരമില്ലാതെയുമാണ് പദ്ധതി നടപ്പാക്കിയത്. ജെം പോര്‍ട്ടല്‍ വഴി നടപടിക്രമങ്ങള്‍ പാലിച്ചാണ് ലാപ്ടോപ് വാങ്ങിയതെന്ന് ഭരണസമിതി അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സെക്രട്ടറി രേഖാമൂലം നല്കിയ കത്തില്‍ പോരയ്മകള്‍ പദ്ധതി നടത്തിപ്പില്‍ സംഭവിച്ചെന്നും അടുത്ത തവണ ആവര്ത്തിക്കെല്ലുന്നുമുള്ള കുറ്റസമ്മതമാണ് ഉള്ളതെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതിക്കായി മാറ്റിവെച്ചത് 61 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ പറയുന്ന മാനദണ്ഡ പ്രകാരം ലാപ്ടോപ് ഒന്നിന് ജെമ്മിലെ വില 27000 മുതല്‍ 32000 വരെയാണ്. ഇതേ ലാപ്ടോപ് ഒന്നിന് ആമസോണിലും ഓപ്പൺമാര്‍ക്കറ്റിലും 35000 മുതല്‍ 37000 വരെയാണ് വില. ആകെ 107 ലാപ്ടോപ്പുകളാണ് നഗരസഭ വാങ്ങിനല്‍കിയത്.
ജെം വഴി ചട്ടം പാലിച്ച് വാങ്ങാത്തതിനാൽ 26 ലക്ഷം മുതല്‍ 32 ലക്ഷംവരെ നഷ്ടപ്പെടുത്തിയെന്നും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇവർ പറഞ്ഞു. പര്‍ച്ചേസ് നാളിതുവരെ കൗണ്‍സില്‍ അംഗീകാരത്തിനായെത്തിയില്ല എങ്കിലും മാര്‍ച്ച് 13ന് കരാറായ സ്ഥാപനത്തിന് ബില്‍ തുക മാര്‍ച്ച് 15ന് തന്നെ നല്കി.
നഗരസഭയിലെത്തിയ ലാപ്ടോപ്പുകള് ടെക്നിക്കല്‍ ടീം പരിശോധിച്ചിട്ടില്ലെന്നും അഴിമതിയില്‍ മുങ്ങിയ ഭരണസമിതി രാജിവെക്കുന്നതുവരെ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ പറഞ്ഞു. എസ്.ടി വിഭാഗക്കാര്‍ക്ക് നല്കിയ കട്ടില്, വനിതകള്‍ക്ക് നല്കിയ തയ്യല്‍ മെഷീന് എന്നിവ സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും നേതാക്കൾ പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി എം. റെജീഷ്, ജില്ല കമ്മിറ്റിയംഗം പി.ടി. ബിജു, കെ.എം. വര്‍ക്കി, കെ.എം. അബ്ദുല്‍ ആസിഫ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് വിപിന്‍ വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.