വയനാട്ടിൽ അപകടകാരിയായ ഭീമൻ ആഫ്രിക്കൻ ഒച്ച്
text_fieldsമാനന്തവാടി: കാർഷിക വിളകൾക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകർച്ചവ്യാധിക്കും കാരണമായേക്കാവുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം വീണ്ടും വയനാട്ടിൽ. കൊയിലേരിയിലെ ജൈവ കർഷകൻ ബാബു ഫിലിപ്പിന്റെ കൃഷിയിടത്തിൽ വിള പരിപാലനത്തിനിടെ കണ്ടെത്തിയ ഒച്ചിനെ ജന്തു ശാസ്ത്രജ്ഞരായ ഡോ. പി.കെ. പ്രസാധൻ, ഡോ. വിവേക് സിറിയക്ക് ഫിലിപ്പ് എന്നിവരുടെ നിർദേശ പ്രകാരം ഉപ്പ് തളിച്ച് നശിപ്പിച്ചു. ലോകത്തെ പ്രധാനപ്പെട്ട നൂറ് അക്രമി ജീവിവർഗങ്ങളിൽപ്പെട്ടതാണ് ഭീമൻ ആഫ്രിക്കൻ ഒച്ച്. മഴക്കാലത്താണ് ഇവയെ കണ്ടെത്തുക. ദിവസങ്ങൾക്കുള്ളിൽ ഇവ മുട്ടയിട്ട് പെരുകും. പൂർണ വളർച്ച എത്തിയ ഒരു ഒച്ചിന് 20 സെ.മി വരെ നീളവും, 250 ഗ്രാം തൂക്കവും ഉണ്ടാകും. കേരളത്തിലെ പല സ്ഥലങ്ങളിലും ഇവയുടെ ആക്രമണത്തിൽ വലിയ കൃഷിനാശമാണ് സംഭവിക്കുന്നത്.
കുടിവെള്ള സ്രോതസ്സുകൾ, വീടുകളിൽ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂട്ടമായെത്തി കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ചത്ത ഒച്ചുകൾ ചീയുമ്പോൾ അസഹ്യമായ ദുർഗന്ധമാണ്. കാർഷിക ലോകത്തിനും പരിസ്ഥിതിക്കും ഇവയേൽപ്പിക്കുന്ന ആഘാതം വലുതാണ്. 2016ൽ ചുള്ളിയോടാണ് വയനാട്ടിൽ ആദ്യമായി ഭീമൻ ആഫ്രിക്കൻ ഒച്ചിനെ കണ്ടെത്തിയതായി ഔദ്യോഗിക രേഖയുള്ളത്. ഏതോ നഴ്സറിയിലേക്ക് തൈകൾ കൊണ്ടുവന്നതിന്റെ കൂടെ വന്നതാണ് എന്നാണ് സംശയം. തുടർന്ന് കേരള വന ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ശാസ്ത്രജ്ഞനായ ഡോ. സജീവിന്റെ നേതൃത്വത്തിൽ ടി.കെ. മനീത നടത്തിയ പഠനത്തിൽ കേരളത്തിലെ ഇടുക്കി ഒഴികെ 13 ജില്ലകളിലും ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തി. സംസ്ഥാനത്ത് 213 ഇടങ്ങളിലാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്. അതിൽ തന്നെ തിരുവനന്തപുരം (66), പാലക്കാട് (52), എറണാകുളം (22) എന്നിവിടങ്ങളിലാണ് കൂടുതൽ സാന്നിധ്യമുള്ളത്. കോട്ടയം (1), വയനാട് (1) എന്നിവിടങ്ങളിലാണ് കുറവുള്ളത്. സന്ധ്യ കഴിഞ്ഞാണ് ഇവ തടങ്ങളിൽനിന്ന് പുറത്തുവരുന്നത്. പുലർച്ചവരെ ചെടികൾ തിന്നു തീർക്കും. വാഴ, മഞ്ഞൾ, കൊക്കോ, കാപ്പി, കമുക്, ഓർക്കിഡ്, ആന്തൂറിയം, പച്ചക്കറികൾ, കിഴങ്ങു വർഗങ്ങൾ എന്നിവയെല്ലാം തിന്നും.
പുല്ലു വർഗം ഒഴികെ മറ്റെല്ലാ ചെടികളും പ്രത്യേകിച്ച് തൈകളും തളിരുകളും നശിപ്പിക്കും. റബർ പാൽ പോലും ഇവക്ക് ഇഷ്ട പാനീയമായതോടെ വലിയ സാമ്പത്തികനഷ്ടമാണ് കർഷകർക്ക് ഉണ്ടാവുന്നത്. പായലുകൾ, അഴുകുന്ന ജൈവാവശിഷ്ടങ്ങൾ, പേപ്പർ, തടി, ചെറിയ കല്ലുകൾ, എല്ലുകൾ, കോൺക്രീറ്റ് കഷണങ്ങൾ തുടങ്ങി വിവിധ ജൈവ, അജൈവ വസ്തുക്കളെ ഇത് ആഹാരമാക്കുന്നു. എൺപതിനായിരം പല്ലുകളുള്ള റിബൺ പോലത്തെ ‘റാഡുല’ എന്ന അവയവം ആഹാരം കടിച്ചു മുറിച്ചു തിന്നാൻ ഇവയെ സഹായിക്കുന്നു. മനുഷ്യനിൽ രോഗങ്ങൾ ഉണ്ടാക്കാനും ഇവ കാരണമാകുന്നു. ഒച്ചിന്റെ ശരീരത്തിൽ തെങ്ങിന്റെ കൂമ്പുചീയൽ തുടങ്ങിയ മാരകരോഗങ്ങൾക്ക് ഹേതുവായ ഫൈറ്റോഫാറ് കുമിളിനെ കെണ്ടത്തിയിട്ടുണ്ട്. മനുഷ്യർക്കും ഉപദ്രവകാരികളായ ഈ ഒച്ചുകൾ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണ്. ഒച്ചിനെ നന്നായി പാകം ചെയ്യാതെ ഭക്ഷിക്കുന്നവരിലാണിതു കണ്ടുവരുന്നത്. കേരളത്തിലുള്ള ആഫ്രിക്കൻ ഒച്ചിൽ നിമാ വിരയുണ്ടോയെന്ന പഠനങ്ങൾ വനഗവേഷണ കേന്ദ്രത്തിൽ നടക്കുന്നുണ്ടെന്നും ചില ആളുകളിൽ ഒച്ചിനെ സ്പർശിക്കുമ്പോൾ ചൊറിച്ചിലും വ്രണങ്ങളും ഉണ്ടാകാറുണ്ടെന്നും അധികൃതർ അറിയിച്ചു.
നിയന്ത്രണ മാർഗങ്ങൾ ഇങ്ങനെ
ബോർഡോ മിശ്രിതം തളിക്കുന്നതിലൂടെയും ഒച്ചു ശല്യമുള്ള പറമ്പുകളുടെ അതിരിലൂടെ കുമ്മായം തൂവുന്നതുവഴിയും ആഫ്രിക്കൻ ഒച്ചിനെ നിയന്ത്രിക്കാനാകും. പുതിയ കടന്നു കയറ്റക്കാരനായതുകൊണ്ട് ഇവക്ക് ശത്രുക്കൾ കുറവാണ്. ഉപ്പൻ (ചകോരം, ചെമ്പോത്ത്) ഒച്ചുകളെ ആക്രമിച്ചു തിന്നുന്നുണ്ട്. പക്ഷേ, ഇതുകൊണ്ടു മാത്രം നിയന്ത്രണ വിധേയമാകില്ല. ഇവയെ ആഹാരമാക്കി നിയന്ത്രിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ താറാവിനെ ഉപയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.