വയോധികയുടെ കൊലപാതകം; മകളുടെ രണ്ടാം ഭർത്താവ് അറസ്റ്റിൽ
text_fieldsമാനന്തവാടി: തോൽപെട്ടി നരിക്കല്ലിൽ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട പുതിയപുരയിൽ സുമിത്ര(63)യുടെ മകൾ ഇന്ദിരയുടെ രണ്ടാം ഭർത്താവായ തമിഴ്നാട് തിരുവണ്ണാമലൈ ഉപ്പുകോട്ടൈ മുരുകനാ(42)ണ് അറസ്റ്റിലായത്. മാനന്തവാടി ഡിവൈ.എസ്.പി പി.എൽ. ഷൈജുവിന്റെ മേൽനോട്ടത്തിൽ തിരുനെല്ലി പൊലീസ് ഇൻസ്പെക്ടർ ജി. വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ദിരയെ വിദേശത്തുനിന്നു പരിചയപ്പെട്ട മുരുകൻ പിന്നീട് തോൽപെട്ടിയിൽ ഇവരോടൊപ്പമായിരുന്നു താമസം.
സുമിത്ര പല തവണ ഇയാളെ വീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചിരുന്നതായും അതിലുള്ള വിദ്വേഷം മൂലം കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കട്ടിലിലേക്ക് തള്ളിയിട്ടതായാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.
കട്ടിലിന്റെ പടിയിൽ തലയിടിച്ച് രക്തം വാർന്ന് കിടന്ന സുമിത്രയെ മകൻ ബാബു മാനന്തവാടി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും അവർ മരിച്ചിരുന്നു. അമ്മ തലയടിച്ച് വീണതായി കണ്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ബാബു പൊലീസിൽ അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് കൂടുതൽ അന്വേഷിക്കുകയായിരുന്നു.
തലക്കുള്ള ക്ഷതവും കഴുത്തിനേറ്റ പരിക്കുമാണ് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. തുടർന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ മുരുകനെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.
ഞായറാഴ്ച രാത്രിയിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ചൊവ്വാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ദിര വിദേശത്ത് ജോലിചെയ്യുന്ന സ്ഥലത്തെ ഡ്രൈവറായിരുന്നു മുരുകൻ. പിന്നീട് ഇരുവരും സൗഹൃദത്തിലാകുകയായിരുന്നു. ഇന്ദിര ജൂണിൽ തിരികെ വിദേശത്തേക്ക് പോയിരുന്നു. ഇതിന് ശേഷം മുരുകൻ സുമിത്രയോടും ഇന്ദിരയുടെ രണ്ട് മക്കളോടും ഒപ്പമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ഇന്ദിരയുടെ സഹോദരൻ ബാബുവും ഇവരോടൊപ്പമാണ് താമസം. കൃത്യം നടക്കുമ്പോൾ ബാബു വീടിന്റെ പുറത്ത് പോയതായിരുന്നു. ഇന്ദിരയുടെ മക്കൾ സംഭവം കണ്ടിട്ടില്ലെന്നാണ് പൊലീസിന് മൊഴി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.