ആദിവാസി യുവാവിന്റെ മരണം; വൈദ്യുതി ആഘാതമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsമാനന്തവാടി: പയ്യമ്പള്ളി ചെറൂരില്‍ വാഴത്തോട്ടത്തില്‍ ആദിവാസി യുവാവ് മരിച്ചത് വൈദ്യുത ആഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമായി. അണ്ണി ചെറൂര് കോളനിയിലെ രാജന്(കുളിയന് -46)ആണ് മരിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈദ്യുതി ആഘാതമേറ്റാണ് മരണമെന്ന് വ്യക്തമായതോടെ സ്ഥലമുടമ കരിമ്പനാക്കുഴി ജോബിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
ഇയാള്‍ വാഴത്തോട്ടത്തിന് ചുറ്റും സ്ഥാപിച്ച വേലിയിലൂടെ എ.സി വൈദ്യുതി കടത്തിവിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ സ്ഥലമുടമ ജോബി പൊലീസിൽ കീഴടങ്ങി. ചെറൂരിലെ കരിമ്പനാക്കുഴി ജോബിയുടെ വാഴത്തോട്ടത്തിലാണ് ചൊവ്വാഴ്ച രാവിലെ അണ്ണി ചെറൂര് കോളനിയിലെ രാജന്റെ (കുളിയന്- 50) മൃതദേഹം കണ്ടെത്തിയത്. കുളിയന്റെ കാല്‍മുട്ടുകള്‍ മുറിഞ്ഞിട്ടുണ്ടായിരുന്നു.
ഇത് പൊള്ളലേറ്റതിനാലാണെന്ന് സൂചനയുണ്ടായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസും ഇലക്ട്രിക് ഇന്‍സ്പെക്ടറേറ്റ് അധികൃതരും സ്ഥലത്തെത്തി ബുധനാഴ്ച പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും വേലി കെട്ടാന്‍ ഉപയോഗിച്ച കമ്പികളൊക്കെ മടക്കിവച്ച നിലയിലായിരുന്നു.
തിങ്കളാഴ്ച രാത്രി പത്തുവരെ കുളിയന് വീട്ടിലുണ്ടായിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്, ഇന്‍സ്പെക്ടര്‍ എം.എം. അബ്ദുള്ള കരീം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തി പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.