മക്കിമല വനമേഖലയിലെ കുഴിബോംബ് നിർവീര്യമാക്കി
text_fieldsമാനന്തവാടി: മക്കിമല മേലെ തലപ്പുഴ കൊടക്കാട് വനമേഖലയിൽ കണ്ടെത്തിയ കുഴിബോംബ് നിർവീര്യമാക്കി. വയനാട്, കണ്ണൂർ, കോഴിക്കോട് ബോംബ് സ്ക്വാഡുകൾ സ്ഥലത്തെത്തിയിരുന്നെങ്കിലും കോഴിക്കോട് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ ഒമ്പതോടെ ബോംബ് നിർവീര്യമാക്കിയത്.
ചൊവ്വാഴ്ച വൈകീട്ടാണ് വനപാലകസംഘം കുഴിബോംബ് കണ്ടെത്തിയത്. കുഴിച്ചിട്ട ബോബും ഇതിലേക്ക് ഘടിപ്പിച്ച വയറും മഴ പെയ്തതിനെത്തുടർന്ന് പുറത്തുവന്നിരുന്നു. വനപാലകർ അറിയിച്ചതിനെത്തുടർന്ന് തലപ്പുഴ പൊലീസ് സംഘം സ്ഥലത്തെത്തി. ബുധനാഴ്ച ബോംബ് നിർവീര്യമാക്കുന്നതുവരെയും തലപ്പുഴ പൊലീസ് സേനാംഗങ്ങളെയും 15ഓളം വരുന്ന തണ്ടർബോൾട്ട്, നക്സൽ വിരുദ്ധ സേനാംഗങ്ങളെയും പ്രദേശത്ത് വിന്യസിച്ചിരുന്നു.
ബുധനാഴ്ച രാവിലെ ആറോടെയാണ് ബോംബ് നിർവീര്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. വനത്തിൽ പരിശോധന നടത്തുന്ന തണ്ടർബോൾട്ടിനെ ലക്ഷ്യംവെച്ച് മാവോവാദികൾ ബോംബു സ്ഫോടനം നടത്താൻ ഉദ്ദേശിച്ചതാണെന്ന് കരുതുന്നു. മാവോവാദി നേതാവ് കവിത കൊല്ലപ്പെട്ടതിനു പ്രതികാരം തീർക്കുമെന്ന് മാവോവാദികൾ മുമ്പ് തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
നവംബർ 13ന് അയ്യൻകുന്ന് ഉരുപ്പുകുറ്റിയിൽ മാവോവാദികളും തണ്ടർബോൾട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കവിത കൊല്ലപ്പെട്ടത്. കവിത കൊല്ലപ്പെട്ടതിന്റെ 45-ാം നാളാണ് ‘രക്തക്കടങ്ങൾ രക്തത്താൽ പകരം വീട്ടും’ എന്നെഴുതി മാവോവാദികൾ തിരുനെല്ലിയിൽ പോസ്റ്ററുകൾ പതിച്ചത്.
സ്റ്റീൽ കണ്ടെയ്നറിൽ സ്ഫോടക വസ്തുക്കളും ഇരുമ്പിന്റെ ചീളികളും വെള്ളാരം കല്ലുകളുമാണ് ഉണ്ടായിരുന്നത്.
ബാറ്ററി കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന തരത്തിലായിരുന്നു കുഴിബോംബ്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യ, കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസഫ്, സ്പെഷൽ ഓപറേഷൻ ഗ്രൂപ് എസ്.പി തപോഷ് ബസുമതാരി, മാനന്തവാടി ഡിവൈ.എസ്.പി പി. ബിജുരാജ്, തലപ്പുഴ ഇൻസ്പെക്ടർ കെ.പി. ശ്രീഹരി, തലപ്പുഴ എസ്.ഐ വിമൽ ചന്ദ്രൻ, അഡീഷനൽ എസ്.ഐ എസ്.പി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
സംഭവം നടന്നതിനു സമീപത്തേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. ബുധനാഴ്ച രാവിലെ മുതൽ തന്നെ കൊടക്കാട് വനത്തിലേക്കുപോകുന്ന വേങ്ങച്ചുവട് റോഡിൽ പൊലീസ് വാഹനമിട്ട് പ്രവേശനം വിലക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തലപ്പുഴ പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.