വയനാട് മെഡിക്കൽ കോളജിൽ ഹൃദ്രോഗ വിഭാഗം തുടങ്ങി
text_fieldsമാനന്തവാടി: ഏറെ മുറവിളികൾക്ക് ശേഷം വയനാട് മെഡിക്കൽ കോളജിൽ ഹൃദ്രോഗ വിഭാഗം ഒ.പി പ്രവർത്തനം തുടങ്ങി. ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ഒ.പി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള രണ്ട് സീനിയർ ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുക. വയനാട്ടിൽ സർക്കാർ ആശുപത്രികളിൽ ആദ്യമായിട്ടാണ് ഹൃദ്രോഗ ചികിത്സ സൗകര്യം ലഭിക്കുന്നത്. രോഗികൾ നേരിട്ട് ഒ.പിയിൽ എത്തിയാൽ ചികിത്സ ലഭിക്കില്ല.
ഡോക്ടറുടെ റഫറൽ രേഖ ഉണ്ടെങ്കിലാണ് സേവനം ലഭിക്കുക. അതേസമയം, രോഗനിർണയം നടന്നാൽ കിടത്തി ചികിത്സയടക്കമുള്ള സേവനങ്ങൾക്ക് രോഗിയെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വരും. ഏറെ കൊട്ടിഘോഷിച്ച് മെഡിക്കൽ കോളജിൽ കാത്ത് ലാബ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടര മാസം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാത്തത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് ഒ.പി പ്രവർത്തനം ആരംഭിച്ചത്. കാത്ത് ലാബിൽ സ്ഥിരം കാർഡിയോളജിസ്റ്റുകളെയും അനുബന്ധ ജീവനക്കാരെയും നിയമിക്കാനോ ഉപകരണങ്ങൾ സ്ഥാപിക്കാനോ ഉള്ള നടപടി ആരംഭിച്ചിട്ടില്ല. ആദ്യ ദിനത്തിൽ 19 പേരാണ് ഒ.പിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.