ഡി.ഐ.ജി ചപ്പാരം സന്ദർശിച്ചു
text_fieldsമാനന്തവാടി: മാവോവാദികളെ പിടികൂടിയ പേര്യ ചപ്പാരത്തെ അനീഷിന്റെ വീട് മാവോവാദി വേട്ടയ്ക്കായുള്ള സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) തലവൻ ഡി.ഐ.ജി പുട്ട വിമലാദിത്യ സന്ദർശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.45ന് വീട്ടിലെത്തിയ അദ്ദേഹം മുക്കാൽ മണിക്കൂറോളം അവിടെ ചെലവഴിച്ചു.
വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ആരായുകയും വെടിയേറ്റ പാടുകൾ പരിശോധിക്കുകയും ചെയ്തു. മാധ്യമങ്ങളെ അകറ്റി നിർത്തിയായിരുന്നു സന്ദർശനം. സംഭവം നടന്ന് നാല് ദിവസമായിട്ടും പ്രദേശത്തേക്കും വീട്ടിലേക്കും ആരേയും പ്രവേശിപ്പിച്ചിട്ടില്ല. വീട് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. അതു കൊണ്ടു തന്നെ അനീഷും കുടുംബവും തറവാട് വീട്ടിലാണ് നാല് ദിവസമായി താമസിക്കുന്നത്.
ഈ വീട്ടിലേക്കും ആളുകൾ പ്രവേശിക്കുന്നത് റിബൺ കെട്ടി തടഞ്ഞിരിക്കുകയാണ്. അതിനിടെ ഡോഗ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും കിട്ടിയില്ല. ഐ.ജി കെ. സേതുരാമൻ, ഡി.ഐ.ജി. തോംസൺ ജോസ്, ജില്ല പൊലീസ് മേധാവി പദം സിങ് എന്നവരും വെടിവെപ്പുണ്ടായ സ്ഥലം സന്ദർശിച്ചു.
പ്രദേശത്തെ രാജഗിരി, ആർ.എം.എസ് തോട്ടങ്ങളിൽ തണ്ടർബോൾട്ട് സംഘം വ്യാപക തിരച്ചിൽ നടത്തി. രക്ഷപ്പെട്ടവർ ഏത് ഭാഗത്തേക്ക് നീങ്ങി എന്ന് പൊലീസിന് കൃത്യമായി അറിയാനാകാത്തത് തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.