വയനാട് ജില്ല മാനസികാരോഗ്യ പദ്ധതി കൽപറ്റയിലേക്ക്
text_fieldsമാനന്തവാടി: വയനാട് ജില്ല ആശുപത്രിയുടെ ഭാഗമായി പ്രവർത്തിച്ചു വന്നിരുന്ന ജില്ല മാനസികാരോഗ്യ പദ്ധതി കൽപറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവ്. ജില്ല മെഡിക്കൽ ഓഫിസറാണ് ഇത് സംബന്ധിച്ച് 2022 ഡിസംബർ 30ന് ഉത്തരവിറക്കിയത്.
മാനസികാരോഗ്യ പദ്ധതി പ്രകാരം നിയമിച്ച ജീവനക്കാർ, വാഹനം, ഉപകരണങ്ങൾ, രജിസ്റ്ററുകൾ, അനുബന്ധ രേഖകൾ എല്ലാം തന്നെ കൽപറ്റ ജനറൽ ആശുപത്രിക്ക് കൈമാറണമെന്നാണ് ഉത്തരവിൽ പറയുന്നത്. നിലവിൽ ആരോഗ്യ പദ്ധതിയുടെ ചുമതല വഹിക്കുന്ന മാനന്തവാടി ജില്ല ആശുപത്രി സൂപ്രണ്ട്, വാഹനം ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൽപറ്റ ജനറൽ ആശുപത്രിക്ക് കൈമാറാനുള്ള നടപടി എടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
പദ്ധതിക്ക് കീഴിലെ മുഴുവൻ ജീവനക്കാരെയും കൽപറ്റയിലേക്ക് മാറ്റാനും നിർദേശമുണ്ട്. നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മാനസികാരോഗ്യ പദ്ധതി മാറ്റുന്നത് മെഡിക്കൽ കോളജായി ഉയർത്തി ആശുപത്രിക്ക് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. പുതുവത്സരത്തിൽ മെഡിക്കൽ കോളജായി ഉയർത്തിയ ജില്ല ആശുപത്രിക്ക് പ്രതികൂലമായി തീരുന്നതാണ് പുതിയ തീരുമാനെമെന്നാണ് ആക്ഷേപം.
പുതിയ ഉത്തരവോടെ മാനന്തവാടി താലൂക്കിലെ അഞ്ഞൂറോളം രോഗികളെ ബാധിക്കുമെന്നാണ് പരാതി. ഇതിൽ ഇരുനൂറോളം രോഗികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇവർക്ക് അതത് പി.എച്ച്.സികൾ വഴിയുള്ള ക്യാമ്പുകൾ വഴിയാണ് മരുന്ന് നൽകി വന്നിരുന്നത്. സേവനം കൽപറ്റയിലേക്ക് മാറ്റിയതോടെ ആദിവാസി രോഗികളുടെ ചികിത്സ മുടങ്ങുമെന്നാണ് ആരോപണം.
വിഷയത്തിൽ മാനന്തവാടി എം.എൽ.എ ഇടപെടണമെന്ന് രോഗികളുടെ കൂട്ടായ്മയായ അത്താണി ആവശ്യപ്പെട്ടു. വിവിധയിടങ്ങളിൽ ക്യാമ്പ് നടത്തുകയും പകൽവീടിന്റെ പ്രവർത്തനം നല്ല രീതിയിൽ കൊണ്ടുപോകുന്നതുമാണ് ജില്ല മാനസികാരോഗ്യ പദ്ധതിയുടെ പ്രധാന പ്രവർത്തനം.
സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഡേറ്റ എൻട്രി ഓപറേറ്റർ തുടങ്ങിയവരാണ് പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്നത്. ജില്ല മാനസികാരോഗ്യ പദ്ധതിയുടെ നോഡൽ ഓഫിസറായി കൽപറ്റ ജനറൽ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് നിയോഗിച്ചിട്ടുള്ളത്.
ഭരണസൗകര്യാർഥം ജില്ല മാനസികാരോഗ്യ പദ്ധതി കൽപറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന അപേക്ഷയെതുടർന്നാണ് പുതിയ തീരുമാനമെന്നാണ് ജില്ല മെഡിക്കൽ ഓഫിസർ ഉത്തരവിൽ പറയുന്നത്. സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ മേൽനോട്ട ചുമതല കൽപറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിനും തരിയോട് പ്രവർത്തിക്കുന്ന പകൽ വീട്ടിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ നിരീക്ഷണ ചുമതല തരിയോട് മെഡിക്കൽ ഓഫിസർക്കും നൽകിയതായും ഉത്തരവിലുണ്ട്.
ജില്ല ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. ഹരീഷ് കൃഷ്ണനായിരുന്നു ഏറെക്കാലമായി ജില്ല മാനസികാരോഗ്യ പദ്ധതിയുടെ നോഡൽ ഓഫിസറായി പ്രവർത്തിച്ചിരുന്നത്. ഇദ്ദേഹം സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചതിനെതുടർന്നാണ് കൽപറ്റ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് ചുമതല കൈമാറിയതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.