നിയന്ത്രണത്തോടെ ഇക്കോ ടൂറിസം; പാൽവെളിച്ചം, കുറുവ പ്രദേശത്തുകാർക്ക് ആശങ്ക
text_fieldsമാനന്തവാടി: സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വയനാട്ടിലെ ഇക്കോ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാമെന്ന ഹൈകോടതി നിർദേശം പാൽവെളിച്ചം, കുറുവ പ്രദേശത്തുകാരെ ആശങ്കയിലാഴ്ത്തുന്നു. തങ്ങളുടെ അധീനതയിലുള്ള പാക്കം ചെറിയ മല വഴിമാത്രം സഞ്ചാരികളെ പ്രവേശിപ്പിച്ചാൽ മതിയെന്ന വനംവകുപ്പ് തീരുമാനമാണ് പാൽവെളിച്ചത്തുള്ളവർക്ക് തിരിച്ചടിയായത്.
മുമ്പ് പാൽ വെളിച്ചം വഴി കുറുവ ദ്വീപിലേക്ക് ഡി.ടി.പി.സി വഴി പ്രവേശിക്കാൻ കഴിയുമായിരുന്നു. പുതിയ തീരുമാനത്തോടെ ഡി.ടി.പി.സിയുടെ ചങ്ങാട സവാരി മാത്രമേ ഉണ്ടാകൂ. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾ കൂട്ടത്തോടെ പുൽപള്ളി ചെറിയമല ഭാഗത്തേക്ക് നീങ്ങും. ഇത് പാൽവെളിച്ചം പ്രദേശത്തെ വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ചു കഴിയുന്ന വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കും. കുടുംബശ്രീയുടെയും സ്വകാര്യ വ്യക്തികളുടേതുമായി നാൽപതോളം മെസ് ഹൗസുകളും കരകൗശല, ഫാൻസി സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പടമലയിലും ചെറുമലയിലുമായി രണ്ടുപേരെ ആന ചവിട്ടിക്കൊന്നതോടെയാണ് ജില്ലയിലെ ഇക്കോ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് താഴുവീണത്.
ഹൈകോടതി വിഷയത്തിൽ ഇടപെട്ടതോടെ എട്ടു മാസമായി വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നില്ല. വിഷയത്തിൽ സർക്കാർ ഇടപെട്ടതോടെയാണ് നിബന്ധനകളോടെ ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ ഹൈകോടതി അനുമതി നൽകിയത്. സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ ഓൺലൈൻ വഴി ബുക്കിങ് ഏർപ്പെടുത്താൻ വനംവകുപ്പ് ആലോചന തുടങ്ങിയിട്ടുണ്ട്. ഇതും വിനോദസഞ്ചാരികൾക്ക് തിരിച്ചടിയാകും. ഡി.ടി.പി.സി.ക്ക് കീഴിലെ ചങ്ങാട സർവിസ് പുനരാരംഭിക്കുന്നതിന് മഴ തടസ്സമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.