കാട്ടാന ഓട്ടോ മറിച്ചിട്ടു; രണ്ടുപേർക്ക് പരിക്ക്
text_fieldsമാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. പനവല്ലി-തിരുനെല്ലി റോഡിൽ പാണ്ഡുരംഗയിലാണ് ഓട്ടോറിക്ഷ ചവിട്ടി മറിച്ചിട്ടത്.
ഡ്രൈവർ പവല്ലി കോമത്ത് സുരേഷ് (36), യാത്രക്കാരി മലയിൽ ശ്യാമള (60) എന്നിവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറോടെയാണ് സംഭവം. വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഇരുവരും ആനയുടെ മുന്നിലകപ്പെട്ടത്. സുരേഷിന് തലക്കാണ് പരിക്ക്. ശ്യാമളയുടെ കാലിനും പരിക്കേറ്റു. പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷക്ക് സാരമായ കേടുപാടുകൾ ഉണ്ടായി.
മാനന്തവാടി റേഞ്ച് ഓഫിസർ കെ.വി. ബിജുവിൻെറ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. രോഷാകുലരായ പ്രദേശവാസികൾ പ്രതിഷേധിച്ചു. പ്രദേശത്ത് വാച്ചർമാരെ നിയോഗിച്ച് കാവൽ ഏർപ്പെടുത്താമെന്നും ഓട്ടോറിക്ഷ നന്നാക്കി നൽകാമെന്നും വനം വകുപ്പ് അധികൃതർ ഉറപ്പുനൽകി.
ആനശല്യത്തിൽ പൊറുതിമുട്ടി കാട്ടിക്കുളം
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് കാട്ടാനയുടെ വിളയാട്ടം. വ്യാപക കൃഷിനാശമാണ് വരുത്തുന്നത്. കഴിഞ്ഞദിവസം ചേലൂർ കെ. രമ സാജുവിെൻറ തോട്ടത്തിലെ തെങ്ങ് ചവിട്ടി നശിപ്പിച്ചു.
കാട്ടാനശല്യത്താൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. തെങ്ങ്, വാഴ, കവുങ്ങ്, കാപ്പി എല്ലാം തകർത്താണ് ആനയുടെ വിളയാട്ടം. കൊമ്പുകൾ കൂട്ടിമുട്ടിയ ഒരു കൊമ്പൻ വെളിച്ചം കണ്ടാൽ ആക്രമിക്കാൻ പാഞ്ഞടുക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്തെ തോട്ടത്തിലെ കാവൽക്കാരൻ അത്ഭുതകരമായാണ് ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.
ഇയാൾ ഓടി കാവൽപുരയിൽ കയറുകയായിരുന്നു. പ്രഭാത നടത്തത്തിന് ഇറങ്ങിയ റിട്ട. വില്ലേജ് ഓഫിസർ മത്തായിയെ മകനാണ് ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തിയത്.
വൈകീട്ട് പ്രദേശത്തെ ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനകൾ രാവിലെ ഏഴിനാണ് കാടുകയറുന്നത്. ഇതിനിടെ വ്യാപകമായി കൃഷി നശിപ്പിക്കും.
പുലർച്ച പാൽ അളക്കാൻ പോകുന്നവർ പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാൽ ബേഗൂർ റേഞ്ച് ഓഫിസിൽ ഉണ്ടായിരുന്ന ലാൻഡ് ഫോണായിരുന്നു പ്രദേശവാസികളുടെ ഏക ആശ്രയം. അത് നിശ്ചലമായിട്ട് മാസങ്ങളായി. ഇതോടെ ആന ഇറങ്ങിയാൽ ബേഗൂരിലെ ഓഫിസിലെത്തി വിവരമറിയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.