വനംവകുപ്പിൽ ഗർഭകാലത്ത് ജീവനക്കാർക്ക് യൂനിഫോം ധരിക്കുന്നതിൽ ഇളവ്
text_fieldsമാനന്തവാടി: വനം വന്യജീവി വകുപ്പിലെ സംരക്ഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന വനിത ജീവനക്കാർക്ക് ഗർഭകാലത്ത് യൂനിഫോം ധരിക്കുന്നതിന് ഇളവ് അനുവദിച്ചു ഉത്തരവായി. വനം വകുപ്പ് ഭരണവിഭാഗം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി. പുകഴേന്തിയാണ് സർക്കുലർ നമ്പർ 6/2022 പ്രകാരം ആഗസ്റ്റ് 23ന് ഉത്തരവിറക്കിയത്.
ആറളം വൈൽഡ് ലൈഫ് വാർഡനായിരുന്ന എ. ഷജ്ന തന്‍റെ കീഴ്ജീവനക്കാരിയായ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആതിര ഭാഗ്യനാഥിന് ഗർഭകാലത്ത് യൂനിഫോം ധരിക്കുന്നതിൽ ഇളവ് അനുവദിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഷജ്ന നൽകിയ ശിപാർശകൂടി അംഗീകരിച്ചാണ് പുതിയ ഉത്തരവ്.
ഗർഭകാലത്ത് ആറാം മാസം മുതൽ യൂനിഫോം ധരിക്കുന്നതിൽനിന്ന് ഇളവ് അനുവദിക്കുകയും ബദൽ സംവിധാനമെന്ന നിലയിൽ കാക്കി സാരിയും ബ്ലൗസും ധരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. റിസർവ് ഫോറസ്റ്റ് വാച്ചർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, സെക്ഷൻ ഫോറസ്റ്റർ, റേഞ്ച് ഓഫിസർ വരെയുള്ള സംസ്ഥാനത്തെ നൂറുകണക്കിന് വനിത ജീവനക്കാർക്കാണ് ഉത്തരവ് ഗുണകരമാവുക.
പൊലീസ് സേനയിൽ വർഷങ്ങൾക്കുമുമ്പ് തന്നെ വനിത സേനാംഗങ്ങൾക്ക് ഇളവ് അനുവദിച്ചിരുന്നുവെങ്കിലും വനംവകുപ്പിൽ ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് ഉണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.