കാട്ടാനയുമായി മുഖാമുഖം; ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ നിധീഷും കുടുംബവും
text_fieldsമാനന്തവാടി: തിരുനെല്ലി അപ്പപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് നിധീഷും കുടുംബവും. തിരുനെല്ലി അപ്പപ്പാറ സ്വദേശി നിധീഷും സമീപപ്രദേശത്തെ കുട്ടികളടക്കമുള്ള കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്.
കഴിഞ്ഞദിവസം രാത്രി പത്തരയോടെ നാഗമനയിൽനിന്ന് ആക്കൊല്ലിയിലേക്കുള്ള യാത്രക്കിടെ ജനവാസ മേഖലയിൽവെച്ചാണ് കാറിന് നേരെ കൊമ്പൻ കുതിച്ചെത്തിയത്. ഒറ്റയാൻ പലതവണ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവറായ നിധീഷ് സംയമനത്തോടെ വാഹനം ചലിപ്പിക്കാതെയിരുന്നു. തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് ആന കയറിയ ഉടൻ സുധീഷ് കാർ മുന്നോട്ട് എടുക്കുകയും രക്ഷപ്പെടുകയുമായിരുന്നു.
തിരുനെല്ലി മേഖലയിൽ വന്യമൃഗശല്യം അതിരൂക്ഷമാണെന്ന് കാലങ്ങളായി പരാതിയുണ്ട്. മരണഭയത്താൽ ഓരോ നിമിഷവും ജീവിക്കേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്ക്. ഗോത്ര വർഗത്തിൽപെട്ട ആൾക്കാർ കൂടുതലുള്ള പ്രദേശത്ത് ഇരുചക്ര വാഹനമാണ് കൂടുതൽ ഉപയോഗിക്കുന്നത്.
ഇതിന് ശാശ്വതപരിഹാരമായി വൈദ്യുതിവേലി മുതലായ സുരക്ഷാസജ്ജീകരണങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.