മാനന്തവാടിയിലെ തോൽവി: കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകി പി.കെ. ജയലക്ഷ്മി
text_fieldsമാനന്തവാടി: നിയമസഭ തെരഞ്ഞെടുപ്പിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫിനുണ്ടായ പരാജയം പഠിക്കണമെന്ന് സ്ഥാനാർഥിയായിരുന്ന പി.കെ. ജയലക്ഷ്മി കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നൽകി. പാർട്ടിക്കുള്ളിൽ കൃത്യമായ എതിർ പ്രവർത്തനങ്ങൾ ഉണ്ടായതാണ് താഴേത്തട്ടിലെ പ്രവർത്തകർ നൽകുന്ന വിവരം.
മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കോൺഗ്രസിനുള്ളിൽ തന്നെയുള്ളവർ എതിരായി പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ വിജയമുണ്ടായിട്ടും യു.ഡി.എഫിന് മേൽക്കൈയുള്ള മാനന്തവാടിയിൽ പരാജയപ്പെട്ടത്.
പ്രചാരണസമയത്ത് രാഹുൽ ഗാന്ധിയുടെ സ്വപ്നപദ്ധതിയായിരുന്ന ന്യായ് പദ്ധതിയെക്കുറിച്ചും പ്രകടനപത്രികയിലെ കർഷക കടാശ്വാസ പദ്ധതിയെ കുറിച്ചുമൊന്നും വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ചില്ല. ഇടത് സർക്കാറിനെ വിമർശിച്ചില്ല.
ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ സ്തുതിപാഠകരായിരുന്നു. നല്ലൊരു വിഭാഗം യു.ഡി.എഫിെൻറയും സ്ഥാനാർഥിയുടെയും വിജയത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ചപ്പോൾ ചെറിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും നിശ്ശബദരായിരുന്നു.
പ്രവർത്തിച്ച ഭാരവാഹികളെയും പ്രവർത്തകരെയും അവഹേളിക്കാനും അപമാനിക്കാനുമാണ് ഇപ്പോൾ ഒരുവിഭാഗം ശ്രമിക്കുന്നത്. നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനും കോൺഗ്രസിനെ ശാക്തീകരിക്കുന്നതിനും കെ.പി.സി.സി ഒരു അന്വേഷണ സമിതിയെ നിയോഗിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. 9282 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ. കേളുവിനോട് പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.