ഫ്ലക്സ് വിവാദം; നവകേരള സദസ്സിന് കോൺഗ്രസ് സ്ഥാപനത്തിന്റെ ആശംസ
text_fieldsമാനന്തവാടി: കെ.പി.സി.സിയുടെ സർക്കുലറിന് പുല്ല് വില കൽപ്പിച്ച് ഇടതു സർക്കാറിന്റെ നവകേരള സദസ്സിന് കോൺഗ്രസ് സ്ഥാപനത്തിന്റെ ആശംസ ബോർഡ്. സംഭവം കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുന്നു.
മാനന്തവാടി താലൂക്കിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ മാനന്തവാടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ബാങ്കിന് മുന്നിലും ഗാന്ധി പാർക്കിലും ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ ഭരണ സമിതിയിലെ ഭൂരിഭാഗം ഡയറക്ടർമാരും തങ്ങൾ അറിഞ്ഞല്ല ബോർഡ് വെച്ചതെന്നും പ്രസിഡന്റും ജീവനക്കാരും ചേർന്നാണ് ഇത് ചെയ്തതെന്ന നിലപാടിലാണ്. വിഷയം കോൺഗ്രസിന്റെ വാട്സ് ആപ് ഗ്രൂപ്പുകളിൽ സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. അതേസമയം സഹകരണ വകുപ്പിന്റെ നിർദേശം നടപ്പിലാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് പ്രസിഡന്റ് വിശദീകരിക്കുന്നത്. വിഷയം ചർച്ച ചെയ്യാനായി ബുധനാഴ്ച അടിയന്തര ഭരണ സമിതി യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഫ്ലക്സ് വെക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നു പറഞ്ഞു. ബാങ്കിന്റെ പേര് ദുരപയോഗം ചെയ്തതിനെക്കുറിച്ചന്വേഷിക്കാൻ തീരുമാനമെടുത്തതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.