ഭക്ഷ്യവിഷബാധ; കൂടുതൽ പേർ ചികിത്സ തേടി
text_fieldsമാനന്തവാടി: ദ്വാരക എ.യു.പി സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൂടുതല്‍ കുട്ടികള്‍ ഞായറാഴ്ചയും ചികിത്സ തേടി. ശനി, ഞായര്‍ ദിവസങ്ങളിലായി മാനന്തവാടി മെഡിക്കല്‍ കോളജ്, പൊരുന്നന്നൂര്‍ പി.എച്ച്.സി, രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി 265 ഓളം കുട്ടികളാണ് ചികിത്സ തേടിയത്. കുട്ടികള്‍ക്ക് പുറമേ രണ്ട് അധ്യാപികമാരും ചികിത്സ തേടിയിട്ടുണ്ട്.
നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ 67 കുട്ടികളും പൊരുന്നന്നൂര്‍ പി.എച്ച്.സിയില്‍ 17 ഉം മറ്റ് സ്വകാര്യ ആശുപത്രികളില്‍ 17 കുട്ടികളും ചികിത്സയിലാണ്. പ്രധാനമായും ഛര്‍ദ്ദിയും വയറിളക്കവും ശരീര തളര്‍ച്ചയുമാണ് അനുഭവപ്പെടുന്നത്. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കായി ശനിയാഴ്ച വൈകീട്ടോടെ വാര്‍ഡ് ആരംഭിച്ചിരുന്നു. എന്നാല്‍ ചികിത്സക്കെത്തുന്ന കുട്ടികളുടെ എണ്ണം വർധിച്ചതിനാല്‍ ന്യൂബ്ലോക്കിലെ ഒന്നാം നിലയില്‍ ഞായറാഴ്ച പുതിയൊരു വാര്‍ഡ് കൂടി പ്രവര്‍ത്തന സജ്ജമാക്കി. ദ്വാരക എ.യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം മുതലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തുടങ്ങിയത്.
ഛർദിയും വയറിളക്കവും അനുഭവപ്പെട്ട കുട്ടികളെ ആദ്യം പീച്ചങ്കോട് പൊരുന്നന്നൂർ കമ്യുനിറ്റി ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുടിവെള്ളത്തിൽ നിന്നോ സ്കൂളിൽ നിന്നു നൽകിയ തൈരിൽ നിന്നോ ഭക്ഷ്യവിഷബാധ ഉണ്ടായയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കുടിവെള്ളത്തിനന്റെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്കയച്ചിട്ടുണ്ട്.
ഫലം ലഭിച്ചതിന് ശേഷമെ വിഷബാധ സംബന്ധിച്ച യഥാർത്ഥ കാരണങ്ങൾ ലഭ്യമാവുകയുള്ളു. ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്നും ആർ.എം.ഒ ഡോ. അർജുൻ ജോസ് പറഞ്ഞു. പൊരുന്നനൂർ ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. പി.കെ. ഉമേഷ്, എപ്പിഡമോളജിസ്റ്റ് ഡോ. ബിപിൻ ബാലകൃഷ്ണൻ, മാനന്തവാടി താഹസിൽദാർ ജി. പ്രശാന്ത്, ഡെപ്യൂട്ടി താഹസിൽദാർ സുജിത് വി. ജോസി, ജില്ല മാസ് മീഡിയ ഓഫിസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസി. കെ.കെ. അഷ്റഫ്, എടവക എച്ച്.ഐ. മഞ്ജുനാഥ് എന്നിവർ സ്കൂൾ സന്ദർശിച്ച് നിർദേശങ്ങൾ നൽകി. സംഭവത്തെ പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി വയനാട് ജില്ല കലക്ടർക്ക് നിർദേശ നൽകി.
ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം
കൽപറ്റ: വയറിളക്ക രോഗങ്ങൾക്കെതിരെയും ഭക്ഷ്യ വിഷബാധക്കെതിരെയും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. പി. ദിനീഷ് അറിയിച്ചു. ജില്ലയുടെ ചില ഭാഗങ്ങളിൽ നിന്ന് വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദ്വാരക എ.യു .പി സ്കൂളിലെ 200ലധികം കുട്ടികൾ ഭക്ഷ്യ വിഷബാധ സംശയത്തെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയിട്ടുണ്ട്. മഴക്കാലത്ത് കുടിവെള്ള മലിനീകരണ സാഹചര്യങ്ങൾ കൂടുതലായാതിനാൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മലിനമായ ജലം, ഭക്ഷണം, വ്യക്തിശുചിത്വത്തിലും പരിസര ശുചിത്വത്തിലുമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും വയറിളക്ക രോഗങ്ങൾക്ക് കാരണമാകുന്നത്. ഭക്ഷണ ശുചിത്വത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ഷിഗെല്ലോസിസ് പോലുള്ള മാരക പകർച്ച വ്യാധികൾ പൊട്ടിപുറപ്പെടുന്നതിനും കാരണമായേക്കാം. വയറു വേദന, പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയവയാണ് ഇത്തരം രോഗങ്ങളുടെ പ്രാഥമിക ലക്ഷണങ്ങൾ.
വയറിളക്കത്തോടൊപ്പം മലത്തിൽ രക്തം കാണുക, അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുക , നിർജലീകരണം സംഭവിക്കുക തുടങ്ങിയവ രോഗം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. രോഗം ഗുരുതരമായാൽ, പ്രത്യേകിച്ചും കുട്ടികളിൽ മരണം വരെ സംഭവിക്കാനിടയുണ്ട്. പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ തന്നെ ഭേദമാകുമെന്ന് കരുതി കാത്തിരിക്കുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സിക്കാൻ ശ്രദ്ധിക്കണം. വയറിളക്ക ഭക്ഷ്യവിഷബാധ സാധ്യതകൾ മുന്നിൽ കണ്ട് അവ തടയാൻ കഴിയുന്ന വിധം കുട്ടികളുടെ ശീലങ്ങളിൽ മാറ്റം വരുത്താൻ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
ഉറവിടം കണ്ടെത്താനാകാതെ ഭക്ഷ്യ സുരക്ഷ വകുപ്പ്
മാനന്തവാടി: ദ്വാരക എ.യു.പി.സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താനാകാതെ ഭക്ഷ്യ സുരക്ഷ വിഭാഗം. വെള്ളിയാഴ്ച ചോറും കറികൾക്കുമൊപ്പം മുട്ടയും കൊടുത്തിരുന്നു. വ്യാഴാഴ്ച തൈരും കക്കിരിയും ഉള്ളിയും ചേർത്ത സലാഡും നൽകിയിരുന്നു. പുറമേ നിന്ന് വാങ്ങിയ തൈരടക്കം ഉപയോഗിച്ചാണ് സലാഡ് ഉണ്ടാക്കിയത്. ഇവയുടെ സാമ്പിൾ ശേഖരിക്കാൻ കഴിയാത്തതാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന് വെല്ലുവിളിയാകുന്നത്. വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ടെങ്കിലും ഫലം വരാൻ വൈകിയേക്കും. സംഭവം അറിഞ്ഞ ഉടൻ തന്നെ സ്കൂളിൽ എത്തിയ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്ക് പൊട്ടിക്കാത്ത മസാല പാക്കറ്റുകളും അരിയും മാത്രമാണ് കണ്ടെത്താനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.