ഇവർക്ക് പരിസ്ഥിതി സ്നേഹം ഓഫ്ലൈനും ഓൺലൈനുമാണ്
text_fieldsമാനന്തവാടി: പരിസ്ഥിതി ദിനത്തിൽ മാത്രം വൃക്ഷത്തൈ നടുന്നവരെ തിരുത്തുകയാണ് ഈ സഹോദരങ്ങൾ. മക്കിയാട് ഹോളി ഫെയ്സ് പബ്ലിക് സ്കൂൾ നാലാംക്ലാസ് വിദ്യാർഥി എയ്ഡൻ വർക്കി ഷിബു, ഒന്നാംക്ലാസുകാരൻ എയ്ഡ്രിയാൻ ജോൺ ഷിബു എന്നിവരാണ് കൃഷിയെയും പരിസ്ഥിതിയെയും സ്നേഹിച്ച് വർഷം മുഴുവൻ തൈകൾ നടുന്നത്. 2020ലെ പരിസ്ഥിതി ദിനം മുതൽ കഴിഞ്ഞദിവസം വരെ നൂറിലധികം തൈകളാണ് ഇരുവരും നട്ടത്.
നടുന്നവയെപ്പറ്റിയുള്ള വിവരണവും തൈകളുടെ വളർച്ചയും വിഡിയോയിൽ പകർത്തി കുട്ടുകുഞ്ചു എന്ന സ്വന്തം യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്നു.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട മന്ദാരവും കനേഡിയൻ കൊന്നയും ഒരു വർഷം കൊണ്ട് നല്ല വളർച്ചയെത്തി. ഫലവൃക്ഷ തൈകളാണ് ഇപ്പോൾ കൂടുതലായും നടുന്നത്. ആദ്യം വിഡിയോ എടുക്കാൻ തമാശക്ക് തുടങ്ങിയ നടീലാണ് പിന്നീട് ശീലമായി മാറിയത്.
വീട്ടുകാരോടൊപ്പം കുറച്ച് കൃഷിയും ഇരുവർക്കുമുണ്ട്. ഗ്രോ ബാഗിലെ മണ്ണില്ലാ കൃഷിയും പരീക്ഷിച്ചുതുടങ്ങി. വീടിന് ചുറ്റുമുള്ള കിളികളെയും ജീവികളെയുമെല്ലാം വിഡിയോയിൽ പകർത്തി യൂടൂബിലിട്ടു. നമുക്ക് ചുറ്റും എന്ന പരമ്പരയായാണ് വിഡിയോ ചിത്രീകരിച്ചത്. പറക്കും തവളയെയും പാമ്പിനെയും ഉൾകൊള്ളിച്ചുള്ള പരമ്പരയിലെ ആദ്യ വിഡിയോ ഒറ്റ ദിവസംകൊണ്ട് പതിനായിരത്തിലേറെ പേർ കണ്ടു. വീടിന് ചുറ്റുമുള്ള 100 മരങ്ങളെ പരിചയപ്പെടുത്തുന്നതായിരുന്നു രണ്ടാമത്തെ വിഡിയോ.
ചെടികൾ നടുന്നതും പരിപാലിക്കുന്നതും കിളികളെയും പൂമ്പാറ്റകളെയും സംരക്ഷിക്കുന്നതുമെല്ലാം ഉൾകൊള്ളിച്ച് ശരാശരി 15 മിനിറ്റ് ദൈർഘ്യമുള്ള മൂന്ന് വിഡിയോകളാണ് പരമ്പരിയിലുള്ളത്.
വെള്ളമുണ്ട ഒഴുക്കൻമൂല ചങ്ങാലിക്കാവിൽ ഷിബുവും ബിന്ദുവുമാണ് മാതാപിതാക്കൾ. മൂത്ത സഹോദരി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി ഒമ്പതാം ക്ലാസ് വിദ്യാർഥിനി എവുലിൻ അന്ന ഷിബുവും അനുജന്മാരെ സഹായിക്കുന്നു. നട്ട എല്ലാ ചെടികൾക്കും പേരെഴുതി ടാഗ് ചെയ്യാനുള്ള ഒരുക്കത്തിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.