പുള്ളിമാനിനെ വേട്ടയാടിയ നാലുപേർ റിമാൻഡിൽ
text_fieldsമാനന്തവാടി: വയനാട് വന്യജീവി സങ്കേതം പരിധിയിലെ വനത്തിൽ കെണിവെച്ച് പുള്ളിമാനിനെ വേട്ടയാടിയ നാലുപേർ അറസ്റ്റിൽ. പയ്യമ്പള്ളി കുറുക്കൻമൂലകളപ്പുരക്കൽ തോമസ് (ബേബി-67), സഹോദരൻ കളപ്പുരക്കൽ കുര്യൻ (റെജി- 58), പയ്യമ്പള്ളി മൊടോമറ്റത്തിൽ തങ്കച്ചൻ (51), വനംവകുപ്പിലെ താൽക്കാലിക വാച്ചർ അപ്പപ്പാറ ശ്രീമംഗലം ചന്ദ്രൻ (47) എന്നിവരെയാണ് തോൽപെട്ടി വന്യജീവി സങ്കേതം അസി. വൈൽഡ് വാർഡൻ കെ.പി. സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബേഗൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാകേഷിന്റെ നിർദേശപ്രകാരം തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റ് കെ.കെ. രതീഷ്കുമാറും സംഘവും നടത്തിയ പരിശോധനയിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ബേബിയുടെ വീട്ടിൽ നിന്ന് അമ്പത് കിലോയോളം വരുന്ന മാനിറച്ചിയും മാനിനെ കശാപ്പു ചെയ്യാനുപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയത്.
ബേബിയെയും തങ്കച്ചനെയും ഇവിടെ നിന്ന് കയ്യോടെ കസ്റ്റഡിയിലെടുത്ത സംഘം സമ്പിൾ ശേഖരിച്ച ശേഷം ഇരുവരെയും തോൽപെട്ടി അസി. വൈൽഡ്ലൈഫ് വാർഡന് കൈമാറി. തോൽപെട്ടി വന്യജീവി സങ്കേതം ജനവാസകേന്ദ്രവുമായി അതിരിടുന്ന താഴെകുറുക്കൻമൂലക്കു സമീപത്തെ ചെങ്ങോട്ടാണ് നാലംഗ സംഘം കെണിയൊരുക്കിയത്.
ചന്ദ്രനാണ് കെണിവെച്ചതെന്നാണ് പിടിയിലായവരുടെ മൊഴി. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ചന്ദ്രനെ വിഷയം അറിഞ്ഞ ഉടനെ ജോലിയിൽ നിന്ന് നീക്കം ചെയ്തു.
ചൊവ്വാഴ്ച രാവിലെ ചന്ദ്രനും റെജിയും തോൽപെട്ടി അസി. വൈൽഡ് ലൈഫ് ഓഫിസിൽ കീഴടങ്ങുകയായിരുന്നു. പിടികൂടിയ സംഘത്തിൽ ബാവലി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി. കൃഷ്ണൻ, ദാസൻഘട്ട സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രാമകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എസ്.ആർ. നവീൻ, വി.ജെ. ശരണ്യ, ആൽബിൻ ജെയിംസ്, എം. രാജേഷ്, ഫോറസ്റ്റ് വാച്ചർമാരായ പി.എ. രാജേഷ്, വി.ആർ. നന്ദകുമാർ, അറുമുഖൻ, ശിവരാജൻ, ഡ്രാവർ ടി. ഷമീർ എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.