അർബുദ രോഗികൾക്ക് ധനസഹായം ബാങ്ക് വഴി; ദുരിതത്തിലായി രോഗികൾ
text_fieldsമാനന്തവാടി: സംസ്ഥാനത്ത് റവന്യൂവകുപ്പിന് കീഴില്‍ മണി ഓര്‍ഡറായി ഗുണഭോക്താക്കള്‍ക്ക് അയച്ചിരുന്ന അർബുദ, ടി.ബി രോഗികള്‍ക്കുള്ള പ്രതിമാസ ധനസഹായം ബാങ്ക് അക്കൗണ്ട് വഴിമാത്രം നല്കാന് നിര്‍ദേശം. ഇതോടെ മരണാസന്നരായി കഴിയുന്ന രോഗികള്‍ക്ക് പ്രതിമാസം ലഭിക്കുന്ന 1000 രൂപ കൈപ്പറ്റാനായി ബാങ്കുകളിലേക്ക് പോവേണ്ട ഗതികേടിലാണ്. പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ താഴെ മാത്രം വരുമാനമുള്ള കുടുംബങ്ങളിലെ അർബുദ, ടി.ബി രോഗികള്‍ക്ക് റവന്യൂവകുപ്പു മുഖേന നല്കി വന്നിരുന്ന ധനസഹായമാണ് സെപ്റ്റംബര്‍ മുതല്‍ ബാങ്ക് അക്കൗണ്ട് മുഖേനമാത്രം നിര്‍ദേശിച്ചിരിക്കുന്നത്. വയനാട് ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി മാത്രം രണ്ടായിരത്തിലധികം പേരാണ് സര്‍ക്കാറില്‍നിന്നുള്ള ഈസഹായം കൈപ്പറ്റുന്നത്. അർബുദ രോഗം പിടിപെട്ട് സര്‍ജറി, കീമോതെറപ്പി, റേഡിയേഷന് തെറപ്പി തുടങ്ങിയ ചികിത്സയില്‍ കഴിയുന്നവരാണ് ഗുണഭോക്താക്കളില്‍ ഭൂരിഭാഗം പേരും. ഇവരുടെ പേരില്‍ പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങാനും ഓരോമാസവും ബാങ്കിലെത്തി പണം പിന്‍വലിക്കാനും വാഹനമില്ലാതെയും പരസഹായമില്ലാതെയും സാധിക്കില്ല. കഴിഞ്ഞ മാസം വരെ വീടുകളില്‍ രോഗികളുടെ കൈകളിലെത്തിയിരുന്ന ഈ ധനസഹായം ഏറെ ദുരിതമനുഭവിക്കുന്ന അർബുദ, ടി.ബി രോഗികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍, ഇനി മുതല്‍ 1000 രൂപക്കായി ബാങ്ക് കയറിയിറങ്ങേണ്ടി വരുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. തപാല്‍ വഴി പെന്ഷന് അയക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന കമീഷന് തുക ലാഭിക്കാനായാണ് പുതിയ നിര്‍ദേശമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.